രേണുക വേണു|
Last Modified ശനി, 6 മെയ് 2023 (16:02 IST)
Rohit Sharma: ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ രോഹിത് ശര്‍മയെ സംബന്ധിച്ചിടുത്തോളം കരിയറിലെ ഏറ്റവും മോശം കാലഘട്ടമാണ്. രോഹിത്തിന് ബാറ്റിങ്ങില്‍ പിഴവുകളുടെ ഘോഷയാത്രയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് പൂജ്യത്തിനു പുറത്തായിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് പന്തുകള്‍ നേരിട്ട രോഹിത് റണ്‍സൊന്നും എടുക്കാതെയാണ് പുറത്തായത്. ഈ പുറത്താകലിലൂടെ നാണക്കേടിന്റെ റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. ദീപക് ചഹറിന്റെ പന്തില്‍ രവീന്ദ്ര ജഡേജയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ ഇന്നത്തെ പുറത്താകല്‍.
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കിന് പുറത്തായ താരങ്ങളുടെ പട്ടികയില്‍ രോഹിത് ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍. ഇത് 16-ാം തവണയാണ് രോഹിത് ഐപിഎല്ലില്‍ ഡക്കിന് പുറത്താകുന്നത്. ദിനേശ് കാര്‍ത്തിക്ക്, സുനില്‍ നരെയ്ന്‍, മന്ദീപ് സിങ് എന്നിവരുടെ 15 തവണ ഡക്കിന് പുറത്തായി എന്ന റെക്കോര്‍ഡാണ് രോഹിത് ഇപ്പോള്‍ മറികടന്നത്.
ഈ സീസണില്‍ ഇത് അഞ്ചാം തവണയാണ് രോഹിത് ഒറ്റയക്കത്തിനു പുറത്താകുന്നത്. പത്ത് കളികളില്‍ നിന്ന് 184 റണ്‍സ് മാത്രമാണ് ഈ സീസണിലെ രോഹിത്തിന്റെ സമ്പാദ്യം. ഫീല്‍ഡിങ്ങിലും രോഹിത് ടീമിന് ബാധ്യതയാകുകയാണ്.