രേണുക വേണു|
Last Modified ശനി, 6 മെയ് 2023 (11:43 IST)
Sanju Samson: ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാകാന്‍ സഞ്ജു സാംസണ്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്. മികച്ച തുടക്കം ലഭിച്ചാല്‍ അത് പ്രയോജനപ്പെടുത്താനുള്ള കഴിവ് ഇപ്പോഴും സഞ്ജുവിന് ഇല്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കാരണം കൊണ്ട് തന്നെയാണ് സഞ്ജു ഗുണം പിടിക്കാത്തതെന്നും ഈ ശീലം എന്ന് മാറ്റുന്നോ അന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറക്കുമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മികച്ച രീതിയിലാണ് സഞ്ജു ഇന്നിങ്‌സ് തുടങ്ങിയത്. കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകളാണ് തുടക്കത്തില്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. എന്നാല്‍ ടീമിന് വേണ്ടി ഒരു ലോങ് ഇന്നിങ്‌സ് കളിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. 20 പന്തില്‍ 30 റണ്‍സെടുത്ത് രാജസ്ഥാന്‍ നായകന്‍ പുറത്തായി.
തുടക്കത്തില്‍ ഗംഭീരമായ സ്‌ട്രോക്ക്‌പ്ലേയും കൂറ്റന്‍ ഷോട്ടുകളും കളിക്കുന്ന സഞ്ജു വ്യക്തിഗത സ്‌കോര്‍ 30 ലേക്ക് എത്തിയാല്‍ പിന്നീട് അലസനാകുകയാണെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു. മോശം ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുകയാണ് പിന്നീട് ചെയ്യുന്നത്. ഗുജറാത്തിനെതിരെയും അത് തന്നെയാണ് സംഭവിച്ചത്. ശ്രദ്ധയോടെ കളിക്കേണ്ട സമയത്ത് വാരിവലിച്ച് അടിച്ച് വിക്കറ്റ് വലിച്ചെറിയുകയാണ് സഞ്ജു ചെയ്തത്. ഈ ശീലങ്ങളാണ് സഞ്ജു ആദ്യം മാറ്റേണ്ടതെന്ന് ആരാധകര്‍ പറയുന്നു. നല്ല കഴിവുണ്ടായിട്ടും സഞ്ജു ഇങ്ങനെ അലസതയോടെ കളിക്കുന്നത് താരത്തിന്റെ ഭാവിയെ തന്നെ മോശമായി ബാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.