രോഹിത്തിന് പുറമേ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന രണ്ട് പേര്‍ ഇവരാണ്

രേണുക വേണു| Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (08:31 IST)

ഇന്ത്യന്‍ ടി 20 ടീമിന്റെ നായകസ്ഥാനം വിരാട് കോലി ഒഴിയുന്നതോടെ ആരായിരിക്കും അടുത്ത നായകനെന്ന് ചര്‍ച്ചകള്‍ ആരംഭിച്ചു. നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. രോഹിത്തിനെ നായകനാക്കണമെന്ന് കോലി ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്ന രോഹിത് ശര്‍മയ്ക്ക് മികച്ച ക്യാപ്റ്റന്‍സി റെക്കോര്‍ഡ് ഉണ്ട്. മാത്രമല്ല ടി 20 പരമ്പരകളില്‍ കോലിയുടെ അഭാവത്തില്‍ രോഹിത് ഇന്ത്യയെ നയിച്ചിട്ടുമുണ്ട്.

രോഹിത്തിന്റെ പ്രായം മാത്രമാണ് നായകസ്ഥാനത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നത്. രോഹിത്തിന് ഇപ്പോള്‍ 34 വയസ് കഴിഞ്ഞു. ഇന്ത്യയുടെ ഭാവിയെ മുന്നില്‍കണ്ടാണ് കോലി ടി 20 നായകസ്ഥാനം ഒഴിഞ്ഞതെന്നാണ് ബിസിസിഐ വിശദീകരിക്കുന്നത്. ടീമിന്റെ ഭാവിക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും വ്യക്തമാക്കി. അതുകൊണ്ട് തന്നെ 34 കാരനായ രോഹിത്തിന് പകരം യുവ താരങ്ങളില്‍ ഒരാളെ നായകനാക്കാന്‍ ബിസിസിഐ തീരുമാനിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

രോഹിത്തിനെ മാറ്റിനിര്‍ത്തി ഏതെങ്കിലും യുവ താരത്തെ നായകനാക്കാന്‍ ബിസിസിഐ തീരുമാനിച്ചാല്‍ കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് കെ.എല്‍.രാഹുല്‍. ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ റിഷഭ് പന്താണ് നയിക്കുന്നത്. കെ.എല്‍.രാഹുലിന്റെ പ്രായം 29, റിഷഭ് പന്തിന്റേത് 24 ! ഇരുവരുടെയും പ്രായം കൂടി പരിഗണിച്ചാല്‍ ദീര്‍ഘകാല നായക സ്ഥാനം വഹിക്കാന്‍ സാധിക്കുന്നവരുമാണ്. ഇത്തരമൊരു അപ്രതീക്ഷിത പ്രഖ്യാപനം ബിസിസിഐയില്‍ നിന്ന് ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :