രേണുക വേണു|
Last Modified വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (07:39 IST)
ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റത്തിനു സാധ്യത. വിരാട് കോലി ടി 20 നായകസ്ഥാനം ഒഴിയുമ്പോള്‍ നിലവിലെ ഉപനായകന്‍ രോഹിത് ശര്‍മ നായകനാകും. രോഹിത്തിനെ നായകനാക്കണമെന്ന് ബിസിസിഐയോട് വിരാട് കോലി തന്നെ ആവശ്യപ്പെട്ടതായാണ് സൂചന. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ചുള്ള രോഹിത്തിന്റെ പരിചയസമ്പത്ത് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നതിനാല്‍ കോലിയുടെ ആവശ്യം ബിസിസിഐയും അംഗീകരിച്ചതായാണ് സൂചന.
ഉപനായക സ്ഥാനത്തേക്ക് ഒന്നില്‍ കൂടുതല്‍ പേരുകള്‍ പരിഗണനയിലുണ്ട്. യുവതാരം റിഷഭ് പന്തിനാണ് കൂടുതല്‍ സാധ്യത. ഇന്ത്യയുടെ ഭാവി താരമെന്നാണ് പന്തിനെ വിശേഷിപ്പിക്കുന്നത്. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കും പന്ത് ഏറെ പ്രിയപ്പെട്ട താരമാണ്. ഐപിഎല്ലില്‍ ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നതും റിഷഭ് പന്താണ്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പന്തിനെ ഉപനായകനാക്കാന്‍ ആലോചന നടക്കുന്നത്. 24 വയസ് മാത്രമാണ് പന്തിന്റെ ഇപ്പോഴത്തെ പ്രായം. കോലി-രോഹിത് യുഗത്തിനു ശേഷം യുവ ഇന്ത്യന്‍ ടീമിനെ വാര്‍ത്തെടുക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്. കെ.എല്‍.രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരുടെ പേരുകളും ഉപനായക സ്ഥാനത്തേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.