രേണുക വേണു|
Last Modified ശനി, 19 ഒക്‌ടോബര്‍ 2024 (15:33 IST)
Rishabh Pant: ബെംഗളൂരു ടെസ്റ്റില്‍ അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വീണ് റിഷഭ് പന്ത്. 105 പന്തില്‍ ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 99 റണ്‍സെടുത്താണ് പന്തിന്റെ മടക്കം. ഇത് ഏഴാം തവണയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ റിഷഭ് പന്ത് തൊണ്ണൂറുകളില്‍ പുറത്താകുന്നത്. പത്ത് തവണ പുറത്തായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും ഒന്‍പത് തവണ പുറത്തായ രാഹുല്‍ ദ്രാവിഡിനും ശേഷം മൂന്നാം സ്ഥാനത്താണ് നിര്‍ഭാഗ്യത്തിന്റെ പട്ടികയില്‍ പന്തിന്റെ സ്ഥാനം. കാലിലെ പരുക്ക് കാരണം പലപ്പോഴും മുടന്തിയാണ് പന്ത് സിംഗിളുകളും ഡബിളുകളും ഓടി പൂര്‍ത്തിയാക്കിയത്.
അതേസമയം നാലാം ദിനമായ ഇന്ന് ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 90.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സ് എടുത്തിട്ടുണ്ട്. 82 റണ്‍സ് ലീഡാണ് ഇന്ത്യക്കുള്ളത്. സര്‍ഫറാസ് ഖാന്‍ (195 പന്തില്‍ 150), കെ.എല്‍.രാഹുല്‍ (16 പന്തില്‍ 12) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് ഇന്ന് നഷ്ടമായി. നാല് റണ്‍സുമായി രവീന്ദ്ര ജഡേജ പുറത്താകാതെ നില്‍ക്കുന്നു.
നേരത്തെ വിരാട് കോലി (102 പന്തില്‍ 70), രോഹിത് ശര്‍മ (63 പന്തില്‍ 52) എന്നിവര്‍ ഇന്ത്യക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. യഷസ്വി ജയ്സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ വെറും 46 റണ്‍സിനാണ് ഓള്‍ഔട്ട് ആയത്.