നോട്ടിങ്ങാം|
jibin|
Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (15:49 IST)
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിലൂടെ അരങ്ങേറ്റം കുറിച്ച ഋഷഭ് പന്തിന്റെ തുടക്കം തന്നെ റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടി.
അരങ്ങേറ്റ ടെസ്‌റ്റില്‍ താന്‍ നേരിട്ട രണ്ടാമത്തെ പന്ത് സിക്‍സ് പറത്തി റെക്കോര്‍ഡിട്ടതിനു പിന്നാലെ അരങ്ങേറ്റ മൽസരത്തിൽ അഞ്ചു ക്യാച്ചുകൾ നേടുകയും ചെയ്‌തതോടെയാണ് പന്ത് ചരിത്രം കുറിച്ചത്.
ടെസ്‌റ്റ് അരങ്ങേറ്റത്തിൽ അഞ്ച് ക്യാച്ച് നേടുന്ന നാലാമത്തെ ഇന്ത്യൻ താരവും രാജ്യാന്തര തലത്തിൽ ഈ നേട്ടം കൈവരിക്കുന്ന 291മത്തെ താരവുമായി തീരുന്നു പന്ത്.
രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ സിക്സ് അടിച്ച് അക്കൗണ്ട് തുറക്കുന്ന പന്ത്രണ്ടാമത്തെ മാത്രം താരമാണ് പന്ത്.
വിക്കറ്റിന് പിന്നില്‍ മികവ് തെളിയിച്ച പന്ത് അലിസ്‌റ്റര്‍ കുക്കിന്റേതടക്കമുള്ള നിര്‍ണായക ക്യാച്ചുകളാണ് സ്വന്തമാക്കിയത്. കുക്ക്, കീറ്റൺ ജെന്നിംഗ്‌സ്, ഒലീ പോപ്പ്, ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവരാണ് രണ്ടാം ദിനം പന്തില്‍ ഗ്ലൗസിനുള്ളിൽ കുടുങ്ങിയത്.
വിക്കറ്റിന് പിന്നിലും ബാറ്റിംഗിലും പരാജയമായ ദിനേഷ് കാര്‍ത്തിക്കിനു പകരമായിട്ടാണ് പന്ത് ടീമിലെത്തിയത്. യുവതാരത്തെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള കോഹ്‌ലിയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു പന്തിന്റെ പ്രകടനം.