രേണുക വേണു|
Last Modified ശനി, 14 ഡിസംബര്‍ 2024 (12:13 IST)
Rajat Patidar: സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലില്‍ എത്തിച്ചത് രജത് പട്ടീദാറിന്റെ ക്യാപ്റ്റന്‍സി മികവ്. ഡല്‍ഹിക്കെതിരായ സെമി ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന പട്ടീദാര്‍ ആണ് കളിയിലെ താരം. ഡല്‍ഹി നേടിയ 146 റണ്‍സ് 15.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മധ്യപ്രദേശ് മറികടന്നു. 29 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 66 റണ്‍സുമായി പട്ടീദാര്‍ പുറത്താകാതെ നിന്നു.
78, 62, 62, 4, 36, 28, 66 എന്നിങ്ങനെയാണ് താരത്തിന്റെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ സ്‌കോറുകള്‍. നായകനെന്ന നിലയിലും വേണ്ടത്ര പക്വത കാണിക്കാന്‍ പട്ടീദാറിനു സാധിക്കുന്നുണ്ട്. ക്യാപ്റ്റന്‍സി സമ്മര്‍ദ്ദമില്ലാതെ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പട്ടീദാറിന്റെ ഏറ്റവും വലിയ മേന്മ. അതിനാല്‍ തന്നെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനം പട്ടീദാറിനു ഐപിഎല്ലില്‍ ആര്‍സിബി നായകസ്ഥാനത്തേക്കുള്ള ചവിട്ടുപടിയാകും. 11 കോടിക്കാണ് ആര്‍സിബി ഇത്തവണ രജത് പട്ടീദാറിനെ നിലനിര്‍ത്തിയത്.
വിരാട് കോലി ആര്‍സിബി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പട്ടീദാറിന്റെ വരവോടെ അതിനുള്ള സാധ്യത മങ്ങി. മറ്റൊരു സാധ്യതയും ഇല്ലെങ്കില്‍ മാത്രം ഈ സീസണില്‍ ക്യാപ്റ്റന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നാണ് കോലി ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നത്. പട്ടീദാറിനെ നായകനാക്കാന്‍ വിരാട് കോലിയും ഫ്രാഞ്ചൈസിയോടു അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.