രേണുക വേണു|
Last Modified ബുധന്‍, 10 ജൂലൈ 2024 (11:40 IST)
Rahul Dravid: ട്വന്റി 20 ലോകകപ്പ് വിജയത്തിനു ശേഷം ബിസിസിഐ ഇന്ത്യന്‍ ടീമിന് 125 കോടി രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് വിജയാഘോഷ പരിപാടിയില്‍ വെച്ചാണ് ബിസിസിഐയുടെ പാരിതോഷികം വിതരണം ചെയ്തത്. ബിസിസിഐയുടെ പാരിതോഷികത്തില്‍ നിന്ന് ലോകകപ്പ് സ്‌ക്വാഡില്‍ അംഗങ്ങളായ താരങ്ങള്‍ക്കും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും അഞ്ച് കോടി രൂപ വീതം ലഭിക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പണം പൂര്‍ണമായി വാങ്ങാന്‍ രാഹുല്‍ ദ്രാവിഡ് തയ്യാറായില്ല !
അഞ്ച് കോടി പാരിതോഷികം രാഹുല്‍ നിരസിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്ക് ലഭിക്കുന്ന 2.5 കോടി രൂപ തനിക്കും മതിയെന്നാണ് രാഹുലിന്റെ നിലപാട്. ഇക്കാര്യം രാഹുല്‍ ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ ഉള്‍പ്പെടെ മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്ക് 2.5 കോടിയാണ് ബിസിസിഐയുടെ പാരിതോഷികത്തില്‍ നിന്ന് ലഭിക്കുക. ഇതേ പാരിതോഷികം തന്നെ തനിക്കും നല്‍കിയാല്‍ മതിയെന്ന് രാഹുല്‍ ബിസിസിഐയോട് പറഞ്ഞു.
2018 ല്‍ ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോഴും രാഹുല്‍ സമാന നിലപാട് എടുത്തിരുന്നു. അന്ന് ഇന്ത്യയുടെ അണ്ടര്‍ 19 ടീം പരിശീലകന്‍ ആയിരുന്നു ദ്രാവിഡ്. അന്ന് ദ്രാവിഡിന് 50 ലക്ഷം രൂപയാണ് പാരിതോഷികമായി വാഗ്ദാനം ചെയ്തത്. മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്ക് 20 ലക്ഷം വീതവും. എന്നാല്‍ പാരിതോഷികത്തില്‍ തുല്യത വേണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയും പിന്നീട് കോച്ചിങ് സ്റ്റാഫിലെ എല്ലാവര്‍ക്കും 25 ലക്ഷം രൂപയായി പുനര്‍നിശ്ചയിക്കുകയും ചെയ്തു. അന്ന് 50 ലക്ഷത്തിനു പകരം 25 ലക്ഷം മാത്രമാണ് ദ്രാവിഡ് കൈപറ്റിയത്.