മെസി മുഴക്കത്തോടെ അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍

മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്

Lionel Messi - Argentina
രേണുക വേണു| Last Modified ബുധന്‍, 10 ജൂലൈ 2024 (07:32 IST)
Lionel Messi - Argentina

സെമിയില്‍ കാനഡയെ തോല്‍പ്പിച്ച് അര്‍ജന്റീന കോപ്പ അമേരിക്കയുടെ ഫൈനലില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം. ജൂലിയന്‍ അല്‍വാരസും നായകന്‍ ലയണല്‍ മെസിയുമാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. ഈ ടൂര്‍ണമെന്റിലെ മെസിയുടെ ആദ്യ ഗോളാണ് കാനഡയ്‌ക്കെതിരെ പിറന്നത്. കൊളംബിയ vs ഉറുഗ്വായ് രണ്ടാം സെമി മത്സരത്തിലെ വിജയികളെയാണ് അര്‍ജന്റീന ഫൈനലില്‍ നേരിടുക.

മത്സരത്തിന്റെ 23-ാം മിനിറ്റിലാണ് ജൂലിയന്‍ അല്‍വാരസ് അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. റോഡ്രിഗോ ഡീ പോളിന്റെ പാസില്‍ നിന്നാണ് അല്‍വാരസ് ലക്ഷ്യം കണ്ടത്. ആദ്യ പകുതി പിന്നിടുമ്പോള്‍ അര്‍ജന്റീന ഒരു ഗോളിനു ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിലാണ് മെസിയുടെ ഗോള്‍ പിറക്കുന്നത്. മെസിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക് കയറുകയായിരുന്നു പന്ത്. ഓഫ് സൈഡ് ആണെന്ന് കാനഡ താരങ്ങള്‍ വാദിച്ചെങ്കിലും വാര്‍ ചെക്കിങ്ങില്‍ ഗോള്‍ അനുവദിച്ചു.

തോല്‍വി അറിയാതെയാണ് അര്‍ജന്റീന കോപ്പ അമേരിക്ക ഫൈനലില്‍ എത്തിയിരിക്കുന്നത്. ജൂലൈ 15 നാണ് ഫൈനല്‍ നടക്കുക. കഴിഞ്ഞ കോപ്പയില്‍ ശക്തരായ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് അര്‍ജന്റീന കിരീടം ഉയര്‍ത്തിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :