അന്ന് എന്നെ സഹായിച്ച പോലെ ഗില്ലിനെ ഒന്ന് സഹായിച്ചു കൂടെ, ദ്രാവിഡിനോട് അപേക്ഷയുമായി പീറ്റേഴ്സൺ

Dravid and rohit
അഭിറാം മനോഹർ| Last Modified ശനി, 27 ജനുവരി 2024 (08:59 IST)
ഇംഗ്ലണ്ടിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് യുവതാരമായ ശുഭ്മാന്‍ ഗില്‍ നടത്തിയത്. ഇന്ത്യയുടെ ഭാവി താരമെന്ന വിശേഷണം വളരെ വേഗം സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ ഗില്ലിനായിട്ടില്ല.ഇംഗ്ലണ്ടിനെതിരെ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 66 പന്തില്‍ 23 റണ്‍സിന് താരം പുറത്താകുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തെ ഇന്ത്യന്‍ പരിശീലകനായ ദ്രാവിഡ് ഈ ഘട്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് കമന്ററിയില്‍ ഇരുന്നിരുന്ന മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്.

പറ്റുമെങ്കില്‍ ദ്രാവിഡ്, താങ്കള്‍ ഗില്ലിനൊപ്പം സമയം ചെലവഴിച്ച് അവനെ സഹായിക്കണം, പണ്ട് താങ്കള്‍ എന്നെ സഹായിച്ചത് പോലെ. ഓഫ് സൈഡില്‍ എങ്ങനെ പന്തടിക്കണമെന്ന് അവന് മനസിലാക്കി കൊടുക്കണം. അതുപോലെ ബൗളര്‍മാരുടെ ലെങ്ത് എങ്ങനെ പെട്ടെന്ന് മനസിലാക്കാമെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്നത് എത്ര പ്രധാനമാണെന്നും അവനെ ബോധ്യപ്പെടുത്തണം. ഇക്കാര്യങ്ങള്‍ ചെയ്താല്‍ മികച്ച ബാറ്ററായി ഗില്‍ മാറുമെന്നും പീറ്റേഴ്‌സണ്‍ കമന്ററിക്കിടെ പറഞ്ഞു.

2010ല്‍ ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ക്കെതിരെ പീറ്റേഴ്‌സണ്‍ റണ്‍സെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ സഹതാരമായിരുന്ന രാഹുല്‍ ദ്രാവിഡാണ് താരത്തെ സഹായിച്ചത്. ഇമെയിലിലൂടെ സ്പിന്നിങ് ട്രാക്കുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന ഉപദേശമാണ് പീറ്റേഴ്‌സണ്‍ ദ്രാവിഡിനോട് തേടിയത്. ബാറ്റിംഗ് പരിശീലന സമയത്ത് സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റിംഗ് പാഡുകള്‍ ഉപയോഗിക്കാതെ പരിശീലിക്കാനാണ് ദ്രാവിഡ് പീറ്റേഴ്‌സണെ ഉപദേശിച്ചത്. പന്ത് കാലില്‍ കൊള്ളുമ്പോള്‍ വേദനിക്കാം.എന്നാല്‍ പാഡില്ലാത്തതിനാല്‍ പന്ത് കാലില്‍ കൊള്ളാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു കളിക്കും. ഇത് ഗുണം ചെയ്യുമെന്നായിരുന്നു ദ്രാവിഡിന്റെ ഉപദേശം.

അന്ന് ദ്രാവിഡ് അയച്ച ഇമെയിലിലൂടെയാണ് സ്പിന്നര്‍മാരെ എങ്ങനെ നേരിടാമെന്ന് താന്‍ പടിച്ചതെന്നും പന്ത് കൈയ്യില്‍ നിന്ന് റിലീസ് ചെയ്യുമ്പോഴെ ലെങ്ത് തിരിച്ചറിയുകയും കളിക്കേണ്ട ഷോട്ട് തീരുമാനിക്കുകയും ചെയ്യുന്ന തന്ത്രം അതോടെയാണ് താന്‍ തിരിച്ചറിഞ്ഞതെന്നും പീറ്റേഴ്‌സണ്‍ പറയുന്നു. ഇതിന് ശേഷം 2012ല്‍ ഇന്ത്യന്‍ പര്യടനത്തിനായി എത്തിയ പീറ്റേഴ്‌സണ്‍ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് നടത്തിയത്. അന്ന് ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :