അഭിറാം മനോഹർ|
Last Updated:
വ്യാഴം, 25 ജനുവരി 2024 (16:41 IST)
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ജോ റൂട്ട്. ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ 10 റണ്‍സെടുത്തതോടെയാണ് റൂട്ട് റെക്കോര്‍ഡ് നേട്ടം സ്വന്തം പേരിലാക്കിയത്. ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളില്‍ നിന്നും 2554 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. 2535 റണ്‍സെന്ന സച്ചിന്റെ റെക്കോര്‍ഡ് നേട്ടമാണ് താരം മറികടന്നത്.
2348 റണ്‍സുമായി സുനില്‍ ഗവാസ്‌കറും 2431 റണ്‍സുമായി അലിസ്റ്റര്‍ കുക്കുമാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തും നാലാമതുമുള്ളത്. 1991 റണ്‍സുമായി ഇന്ത്യയുടെ വിരാട് കോലിയാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. ഇന്ത്യക്കെതിരെ 25 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 63.15 ശരാശരിയില്‍ 9 സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും അടക്കമാണ് 2554 റണ്‍സ് റൂട്ട് സ്വന്തമാക്കിയത്. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 4,000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. 48 ടെസ്റ്റില്‍ നിന്നാണ് താരം 4,000 റണ്‍സിലെത്തിയത്.