രേണുക വേണു|
Last Modified ഞായര്‍, 5 നവംബര്‍ 2023 (16:32 IST)
നിര്‍ണായക മത്സരത്തില്‍ ശക്തരായ ന്യൂസിലന്‍ഡിനെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം തോല്‍പ്പിച്ച പാക്കിസ്ഥാന് തങ്ങളുടെ സെമി സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. ഒരു മത്സരം കൂടിയാണ് ലീഗ് ഘട്ടത്തില്‍ പാക്കിസ്ഥാന് ശേഷിക്കുന്നത്. സെമി കാണാതെ പുറത്തായ ഇംഗ്ലണ്ടാണ് ഈ മത്സരത്തില്‍ പാക്കിസ്ഥാന്റെ എതിരാളികള്‍. ഈ മത്സരം ജയിച്ചാല്‍ പാക്കിസ്ഥാന് സെമിയില്‍ എത്തുമോ? 'ഉറപ്പില്ല' എന്നാണ് ഉത്തരം.
നിലവില്‍ എട്ട് കളികളില്‍ നിന്ന് നാല് ജയവുമായി എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാന്. ഇംഗ്ലണ്ടിനെതിരെ ജയിച്ചാല്‍ പാക്കിസ്ഥാന് പത്ത് പോയിന്റാകും. എന്നാല്‍ ഈ ജയം മാത്രം പോരാ പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ !
എട്ട് കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തുണ്ട്. താരതമ്യേന ദുര്‍ബലരായ ശ്രീലങ്കയ്ക്കെതിരെയാണ് കിവീസിന്റെ അവസാന മത്സരം. ഇതില്‍ ജയിച്ചാല്‍ ന്യൂസിലന്‍ഡ് തന്നെയാകും സെമിയില്‍ എത്താന്‍ കൂടുതല്‍ സാധ്യത. ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡ് തോല്‍ക്കുകയും ഇംഗ്ലണ്ടിനെതിരെ ജയിക്കുകയും ചെയ്താല്‍ പാക്കിസ്ഥാന് സെമിയില്‍ എത്താന്‍ സാധ്യതയുണ്ട്.
അഫ്ഗാനിസ്ഥാന് ഏതെങ്കിലും തരത്തില്‍ അട്ടിമറി നടത്തുമോ എന്നതാണ് പാക്കിസ്ഥാന് പിന്നെ പേടിക്കാനുള്ളത്. ഏഴ് കഴികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാന്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ വമ്പന്മാര്ക്കെതിരെയാണ് അഫ്ഗാനിസ്ഥാന്റെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍. ഈ രണ്ട് കളികളില്‍ അഫ്ഗാന് ജയിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജയിച്ചാലും പാക്കിസ്ഥാന് കാര്യമില്ല. അഫ്ഗാന് രണ്ട് വമ്പന്‍ ടീമുകളേയും അട്ടിമറിച്ചാല്‍ അത് കിവീസിനും എട്ടിന്റെ പണിയാകും.