പാകിസ്ഥാൻ പിച്ച് പഠിക്കാൻ 14 പന്തെടുക്കും, രോഹിത് അത്രയും പന്തിൽ എടുത്തത് 41 റൺസ്, ഹിറ്റ്മാൻ കളിച്ചപ്പോൾ എക്സിൽ എയറിലായത് പാകിസ്ഥാൻ

Rohit Sharma
Rohit Sharma
അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (12:59 IST)
ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഓസീസിനെതിരായ മത്സരത്തില്‍ 41 പന്തില്‍ 92 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ നടത്തിയത്. ആദ്യ 10 ഓവറുകള്‍ പിന്നിടുമ്പോള്‍ തന്നെ ടീം സ്‌കോര്‍ 100 കടക്കുന്നതില്‍ രോഹിത്തിന്റെ പ്രകടനമായിരുന്നു നിര്‍ണായകമായത്. 7 ഫോറും 9 സിക്‌സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്ങ്‌സ്. മത്സരത്തില്‍ വിജയിക്കുകയും കൂടി ചെയ്തപ്പോള്‍ സമൂഹമാധ്യമായ എക്‌സില്‍ എയറിലായിരിക്കുന്നത് പാകിസ്ഥാന്‍ ടീമാണ്.

എക്‌സില്‍ പാകിസ്ഥാന്‍ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ആലിയ റഷീദ് പോസ്റ്റ് ചെയ്ത ട്വിറ്റാണ് വൈറലായത്. രോഹിത് ശര്‍മ 14 പന്തില്‍ എടുത്തത് 41 റണ്‍സാണ്. ഞങ്ങള്‍ക്ക് പിച്ച് പഠിക്കാന്‍ തന്നെ അത്രയും പന്ത് വേണമെന്നാണ് ആലിയ ട്വിറ്ററില്‍ കുറിച്ചത്. നിങ്ങള്‍ പറയുന്നത് തെറ്റാണെന്നും പവര്‍ പ്ലേ മുഴുവന്‍ പാകിസ്ഥാന്‍ പിച്ച് പഠിക്കാന്‍ ഉപയോഗിക്കാറുണ്ടെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ പറയുന്നത്. പഴയകാലത്തെ പാക് ബാറ്റര്‍മാരെ ടീം ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ടെന്നും പുതിയ കാലത്ത് പാക് ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ബാറ്റര്‍മാര്‍ ഇല്ലെന്നും പരാതി പറയുന്നവരുണ്ട്. അതേസമയം അമേരിക്കയിലെയും വെസ്റ്റിന്‍ഡീസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും പാക് ടീമുമായി ഇന്ത്യയുടെ പ്രകടനത്തെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും ചിലര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :