അഭിറാം മനോഹർ|
Last Modified ബുധന്‍, 5 ജൂണ്‍ 2024 (15:17 IST)
T20 worldcup, Rohit sharma
ടി20 ലോകകപ്പില്‍ തങ്ങളുടെ ആദ്യമത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരങ്ങള്‍ തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഹോട്ട്സ്റ്റാറില്‍ സൗജന്യമായി മത്സരം കാണാന്‍ സാധിക്കും.
ഇക്കഴിഞ്ഞ ലോകകപ്പ് മത്സരങ്ങളില്‍ മോശം പിച്ചിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കാര്യമായി റണ്‍സ് വരാതിരുന്ന മത്സരങ്ങളാണ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. പിച്ചിന്റെയും സാഹചര്യങ്ങളുടെയും അപ്രവചനീയത കണക്കിലെടുക്കുമ്പോള്‍ അയര്‍ലന്‍ഡിനെ കുഞ്ഞന്മാരായി കണക്കാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. ഐപിഎല്ലിലേത് പോലെ വമ്പന്‍ റണ്‍സ് പിറക്കുന്ന മത്സരങ്ങളാകില്ല ടി20 ലോകകപ്പില്‍ സംഭവിക്കുക എന്ന സൂചനയാണ് ഇതുവരെയുള്ള മത്സരങ്ങള്‍ നല്‍കുന്നത്.
ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ വിജയലക്ഷ്യമായ 77 റണ്‍സെടുക്കുന്നതില്‍ പോലും ദക്ഷിണാഫ്രിക്ക ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ 120ന് മുകളിലുള്ള വിജയലക്ഷ്യം പോലും ചിലപ്പോള്‍ വെല്ലുവിളിയായേക്കാം. ഈ മാസം 9ന് പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് അയര്‍ലന്‍ഡിനെതിരെ വിജയിച്ചുതുടങ്ങാനാകും ഇന്ത്യ ശ്രമിക്കുന്നത്. വെല്ലുവിളിയേറിയ സാഹചര്യമാണെങ്കിലും പരിചയസമ്പന്നരായ വിരാട് കോലി, രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും. സമീപകാലത്തായി പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയിട്ടുള്ള ടീമാണ് ഇംഗ്ലണ്ട്. അതിനാല്‍ തന്നെ എതിരാളികളെ നിസാരമാക്കി കണക്കിലെടുക്കാനും ഇന്ത്യയ്ക്ക് സാധിക്കില്ല. ഇതുവരെ അയര്‍ലന്‍ഡുമായി കളിച്ച മത്സരങ്ങളില്‍ ഏഴിലും വിജയം ഇന്ത്യയ്‌ക്കൊപ്പമാണെങ്കിലും ഇന്നത്തെ മത്സരത്തില്‍ പിച്ച് ഒരു പ്രധാനപങ്കുവഹിക്കുമെന്ന് ഉറപ്പാണ്.