ഓവലില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യമില്ല; ടീം ഇന്ത്യ 148ന് പുറത്ത്

 ഓവല്‍ ടെസ്‌റ്റ് , ഇംഗ്‌ളണ്ട് ഇന്ത്യ, ധോണി
ലണ്ടന്‍| jibin| Last Modified ശനി, 16 ഓഗസ്റ്റ് 2014 (10:50 IST)
ഇന്ത്യയുടെ തോല്‍‌വിക്ക് മുന്നോടിയായുള്ള പവലിയനിലേക്കുള്ള ഘോഷയാത്രയ്‌ക്ക് ഓവലിലും തുടക്കമായിരിക്കുന്നു. കഴിഞ്ഞ കളികളിലെന്ന പോലെ അഞ്ചാം ടെസ്റ്റ് മത്സരത്തിലും ബാറ്റിംഗ് തകര്‍ന്ന ഇന്ത്യ 148 റണ്‍സിന് പുറത്താകുകയായിരുന്നു.

ഒരു വേളയില്‍ നൂറ് റണ്ണിന് ഒന്‍പതു വിക്കറ്റെന്ന നിലയില്‍ നിന്ന് 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനമാണ് ടീമിനെ ഈ സ്കോറില്‍ എത്തിച്ചത്. മുരളി വിജയിയും(18) അശ്വിനുമാണ്(13) രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്‍മാര്‍. ഗൌതം ഗംഭീറും രഹാനെയും പൂജ്യത്തിന് പുറത്തായി. ഇംഗ്‌ളണ്ട് നിരയില്‍ ജോര്‍ദനും വോക്സിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ഇംഗ്‌ളണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആന്‍ഡേഴ്സന്‍റെ പന്തില്‍ വിക്കറ്റിന് പിറകില്‍ ബട്ലര്‍ക്ക് അനായാസ ക്യാച്ച് നല്‍കി ഓപ്പണര്‍ ഗൗതം ഗംഭീറാണ് ആദ്യം പുറത്തായത്. തുടര്‍ന്ന് വന്ന ചേതേശ്വര്‍ പൂജാര നാലു റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്.

ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലി (6), അജിങ്ക്യ രഹാനെ വന്നതു പോയതും ഒരു പോലെയായിരുന്നു. സ്റ്റുവര്‍ട്ട് ബിന്നി(5), ഭുവനേഷര്‍ കുമാര്‍( 5) എന്നിവരും പെട്ടന്ന് പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :