സ്നിക്കോയിൽ വ്യതിചലനമില്ല, എന്നിട്ടും ജയ്സ്വാൾ ഔട്ട്, മെൽബൺ ടെസ്റ്റിലെ പുറത്താകലിൽ പുതിയ വിവാദം

Jaiswal
അഭിറാം മനോഹർ| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2024 (12:55 IST)
Jaiswal
ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ താരം യശ്വസി ജയ്‌സ്വാളിന്റെ(84) വിക്കറ്റിനെ ചൊല്ലി വിവാദം പുകയുന്നു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ജയ്‌സ്വാള്‍ കൂടി മടങ്ങിയതോടെ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു.

ഇന്ത്യന്‍ സ്‌കോര്‍ 140 റണ്‍സില്‍ നില്‍ക്കെ കമ്മിന്‍സിന്റെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു ജയ്‌സ്വാള്‍ മടങ്ങിയത്. അമ്പയര്‍ ഔട്ട് വിളിച്ചിരുന്നില്ലെങ്കിലും ഗ്ലൗസില്‍ ടച്ചുണ്ടെന്ന വിശ്വാസത്താല്‍ ഓസീസ് റിവ്യൂ എടുക്കുകയായിരുന്നു. റിവ്യൂ തേര്‍ഡ് അമ്പയര്‍ പരിശോധിച്ചപ്പോഴും സ്‌നിക്കോയില്‍ യാതൊന്നും തന്നെ കണ്ടെത്താനായില്ല. പക്ഷേ പന്തിന്റെ ട്രാജക്ടറി പരിശോധിച്ചപ്പോള്‍ പന്ത് വ്യതിചലിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ബാറ്റിലുരസി വ്യതിചലിച്ചതാകാമെന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് നിര്‍ദേശിക്കുകയായിരുന്നു.


ഔട്ട് വിളിച്ചതിന് പിന്നാലെ അമ്പയറോട് സംസാരിച്ചിട്ടാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. 208 പന്തില്‍ 8 ബൗണ്ടറികള്‍ സഹിതം 84 റണ്‍സാണ് ജയ്‌സ്വാള്‍ സ്വന്തമാക്കിയത്. തുടക്കത്തില്‍ തന്നെ 3 വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ ജയ്‌സ്വാളും റിഷഭ് പന്തും ചേര്‍ന്ന നാലാം വിക്കറ്റ് കൂട്ടുക്കെട്ട് സുരക്ഷിതമായ നിലയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 121ല്‍ നില്‍ക്കെ പന്തിനെ നഷ്ടമായതോടെ ശേഷിക്കുന്ന വിക്കറ്റുകള്‍ തുടരെ നഷ്ടമാവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :