Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു മുന്നില്‍ ജയ്‌സ്വാള്‍ എത്തുന്നതിനായി ഏതാനും മിനിറ്റ് കാത്തുനിന്നു

Rohit Sharma and Yashaswi Jaiswal
Rohit Sharma and Yashaswi Jaiswal
രേണുക വേണു| Last Modified വ്യാഴം, 12 ഡിസം‌ബര്‍ 2024 (13:49 IST)

Yashasvi Jaiswal: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം ബ്രിസ്ബണില്‍ എത്തി. അഡ്‌ലെയ്ഡിലെ ഹോട്ടലില്‍ നിന്ന് ബസ് മാര്‍ഗം എയര്‍പോര്‍ട്ടില്‍ എത്തിയ ടീം പിന്നീട് വിമാനത്തിലാണ് ബ്രിസ്ബണിലേക്കു പോയത്. എന്നാല്‍ ടീമിനൊപ്പം യുവതാരം യശസ്വി ജയ്‌സ്വാള്‍ ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് എത്താത്തതിനെ തുടര്‍ന്നാണ് ജയ്‌സ്വാളിനെ കൂട്ടാതെ ടീം ബസ് പുറപ്പെട്ടത്.

നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയവര്‍ അഡ്‌ലെയ്ഡിലെ ഹോട്ടലിനു മുന്നില്‍ ജയ്‌സ്വാള്‍ എത്തുന്നതിനായി ഏതാനും മിനിറ്റ് കാത്തുനിന്നു. എന്നാല്‍ ജയ്‌സ്വാള്‍ എത്താതെ ആയതോടെ രോഹിത് ശര്‍മയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബസ് പുറപ്പെട്ടു. ഏകദേശം 20 മിനിറ്റ് വൈകിയാണ് ജയ്‌സ്വാള്‍ ഹോട്ടല്‍ ലോബിയില്‍ എത്തിയത്. അപ്പോഴേക്കും ടീം ബസ് പുറപ്പെട്ടു. പിന്നീട് ഹോട്ടല്‍ കാറിലാണ് ജയ്‌സ്വാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്.

രാവിലെ 10 മണിക്കായിരുന്നു ബ്രിസ്ബണിലേക്കുള്ള വിമാനം. 8.30 നു അഡ്‌ലെയ്ഡിലെ ഹോട്ടലില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കു പോകാന്‍ ടീം തീരുമാനിച്ചിരുന്നു. ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനുമായി രണ്ട് ബസുകളാണ് ഒരുക്കിയിരുന്നത്. കൃത്യനിഷ്ഠയില്ലാത്ത പെരുമാറ്റത്തിനു ജയ്‌സ്വാളിനോടു നായകന്‍ രോഹിത് ശര്‍മ ദേഷ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്ബണിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് നടക്കുക. അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :