അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ജനുവരി 2024 (17:53 IST)
ചേട്ടന്‍ സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി വന്നത് അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ചുറിയടിച്ച് ആഘോഷമാക്കി അനിയന്‍ മുഷീര്‍ ഖാന്‍. ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് സര്‍ഫറാസിനെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരെഞ്ഞെടുത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറെക്കാലമായി മികച്ച പ്രകടനം നടത്തിയിട്ടും താരത്തിന് ദേശീയ ടീമില്‍ വിളിയെത്തിയിരുന്നില്ല.
ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യത കുറവാണെങ്കിലും ചേട്ടന് കിട്ടിയ ഈ അംഗീകാരം അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ചുറിയടിച്ച് ആഘോഷമാക്കിയിരിക്കുകയാണ് സര്‍ഫറാസ് ഖാന്റെ അനിയനായ മുഷീര്‍ ഖാന്‍. നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ മുഷീര്‍ ഖാന്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. ബാറ്റ് ചെയ്യാന്‍ കിട്ടിയ നാല് അവസരത്തിലും 50 മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ മുഷീറിനായി. കിവീസിനെതിരെ നടക്കുന്ന മത്സരത്തിലാണ് മുഷീര്‍ ഖാന്‍ അണ്ടര്‍ 19 ലോകകപ്പിലെ തന്റെ രണ്ടാമത്തെ സെഞ്ചുറി കുറിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പില്‍ 2 സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് മുഷീര്‍ ഖാന്‍. ശിഖര്‍ ധവാനാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരം.