രേണുക വേണു|
Last Modified ഞായര്‍, 14 ജനുവരി 2024 (13:37 IST)
Rohit Sharma: ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ ചിത്രത്തില്‍ നിന്ന് രോഹിത് ശര്‍മയെ 'ഒഴിവാക്കി' മുംബൈ ഇന്ത്യന്‍സ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ സ്ക്വാഡിന്റെ വിവരങ്ങള്‍ പങ്കുവെച്ചപ്പോള്‍ കെ.എല്‍.രാഹുല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരുടെ ചിത്രങ്ങളാണ് മുംബൈയുടെ പോസ്റ്ററില്‍ ഉള്ളത്. ഇന്ത്യന്‍ ടീം നായകനും മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനുമായ രോഹിത് ശര്‍മയെ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മുംബൈ ഇന്ത്യന്‍സ് പോസ്റ്ററില്‍ നിന്ന് രോഹിത്തിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ഒരിക്കല്‍ ഫ്രാഞ്ചൈസി വിട്ട ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവന്ന് മുംബൈ ക്യാപ്റ്റനാക്കിയതില്‍ രോഹിത്തിനു അതൃപ്തിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഹിത്തിനെ ഒഴിവാക്കിയാണ് മുംബൈ ഹാര്‍ദിക്കിന് നായകസ്ഥാനം നല്‍കിയത്. ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടതില്‍ രോഹിത് അതൃപ്തനാണെന്നും താരം ഫ്രാഞ്ചൈസി വിടാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടയിലാണ് രോഹിത്തിനെ ഒഴിവാക്കി മുംബൈയുടെ പോസ്റ്റര്‍ യുദ്ധം.
രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് മാറ്റിയതിനു ശേഷം ലക്ഷകണത്തിനു ആരാധകരാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജ് അണ്‍ഫോളോ ചെയ്തത്. സമാനമായ രീതിയില്‍ ഇപ്പോഴും നിരവധി ആരാധകര്‍ ഫ്രാഞ്ചൈസിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. രോഹിത്തിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.