കൊല്‍ക്കത്ത|
jibin|
Last Modified വ്യാഴം, 22 ഡിസംബര്‍ 2016 (16:13 IST)
ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി വന്‍ വിജയങ്ങള്‍ സ്വന്തമാക്കുന്ന സാഹചര്യത്തില്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തില്‍ അടുത്ത കാലത്തു തന്നെ കടുത്ത തീരുമാനമുണ്ടാകുമെന്ന് സൂചന. വിഷയം അവതരിപ്പിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ടീം തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കുന്നത് ധോണിയെ സമ്മര്‍ദ്ദത്തിലാക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അദ്ദേഹത്തിന് മാത്രമാകും വെല്ലുവിളിയാകുക. ഈ സാഹചര്യത്തില്‍ ധോണിയുടെ കാര്യത്തില്‍ സെലക്ടര്മാര് ഒരു തീരുമാനമെടുക്കണമെന്നും ദാദ പറഞ്ഞു.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആര് നയിക്കണം എന്ന കാര്യത്തില്‍ സെലക്ടര്മാര് ഒരു നിലപാടിലെത്തണം. അതിന് അനുസരിച്ച് വേണം ടീമിനെ വാര്‍ത്തെടുക്കേണ്ടത്. അതിനാല്‍ ധോണിയുടെ നായകപദവിയില്‍ തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണെന്നും ഗാംഗുലി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്‌റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ അടുത്ത പരമ്പരയിലും കളിക്കുമെന്നാണ് പ്രതീക്ഷ. കരുണ്‍ തിളങ്ങിയെങ്കിലും മികച്ച താരമായ അജിന്‍ക്യ രഹാനെയെയും മധ്യനിരയില്‍ പരിഗണിക്കേണ്ടി വരുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.