സിഡ്‌നിയില്‍ പത്തരമാറ്റിന്റെ തിളക്കത്തോടെ പാണ്ഡെ

മനീഷ് പാണ്ഡേ , ടീം ഇന്ത്യ , ക്രിക്കറ്റ് , സുരേഷ് റെയ്‌ന , ശിഖര്‍ ധവാന്‍
സിഡ്‌നി| jibin| Last Modified ശനി, 23 ജനുവരി 2016 (19:12 IST)
കംഗാരുക്കളുടെ പാളയത്തില്‍ പോരിനെത്തിയ നാണംക്കെട്ടുവെങ്കിലും അവസാന മത്സരത്തിലെ ജയത്തോടെ മാനം കാത്തു. സിഡ്‌നിയില്‍ അങ്കത്തിനിറങ്ങുന്ന ഇന്ത്യക്ക് ജയത്തില്‍ കുറഞ്ഞതൊന്നും വേണ്ടിയിരുന്നില്ല. മൂന്ന് സെഞ്ചുറികള്‍ പിറന്ന മത്സരത്തില്‍ മനീഷ് പാണ്ഡെ പൊരുതി നേടിയ സെഞ്ചുറിക്ക് പത്തരമാറ്റിന്റെ തിളക്കമുണ്ട്.

സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവര്‍ ഭാരമായ ഇന്ത്യന്‍ ടീമില്‍ വളരെ വൈകിയെത്തിയ അഥിതിയാണ് പാണ്ഡെ. മഹേന്ദ്ര സിംഗ് ധോണിയുടെ ഇഷ്‌ടക്കാര്‍ അരങ്ങുവാഴുന്ന നിലപ്പടയിലേക്കെത്താന്‍ കര്‍ണാടക്കാരന് കാത്തിരിക്കേണ്ടിവന്നു. ഐപിഎല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച ഇന്നിംഗ്‌സുകള്‍ കെട്ടിപ്പടുക്കുബോഴും ഇന്ത്യന്‍ സെലക്‍ടര്‍മാര്‍ ഈ ഇരുപത്തിയാറുകാരനെ കണ്ടില്ലെന്നു നടിച്ചു.

ഒടുവില്‍ തോല്‍‌വിയില്‍ നട്ടം തിരിഞ്ഞു നിന്ന ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയ്‌ക്ക് വിമാനം കയറുബോള്‍ മനീഷ് പാണ്ഡെയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ മാത്രമെ സെലക്‍ടര്‍മാര്‍ക്ക് ആവുമായിരുന്നുള്ളു. റെയ്‌നയെ പുറത്തിരുത്തിയപ്പോള്‍ അദ്ദേഹം ടീമിലെത്തി. പേസും ബൌണ്‍‌സും സമന്വൊയിച്ച ഓസീസിലെ പിച്ചുകളില്‍ തുടക്കത്തില്‍ വലഞ്ഞുവെങ്കിലും പിന്നീട് താളം കണ്ടെത്താന്‍ അദ്ദേഹത്തിനായി. ബ്രിസ്‌ബെയ്‌നിലെ മത്സരത്തില്‍ ആറ് റണ്‍സ് മാത്രം കണ്ടെത്തിയ യുവതാരത്തിന് സിഡ്‌നി ഭാഗ്യ പിച്ചാകുകയായിരുന്നു.

മധ്യനിരയിലെ വിശ്വസ്‌തനായ ബാറ്റ്‌സ്‌മാന്‍ അജിങ്ക്യ രഹാനെയെ പരുക്ക് പിടികൂടിയതോടെയാണ് പാണ്ഡെയ്‌ക്ക് സിഡ്‌നിയില്‍ നറുക്ക് വീണത്. ഓസീസ് അടിച്ചു കൂട്ടിയ 331 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുക അത്ര എളുപ്പമായിരുന്നില്ല. എന്നാല്‍, ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മ (99) ശിഖര്‍ ധവാന്‍ (78) എന്നിവര്‍ മികച്ച തുടക്കം നല്‍കിയതോടെ ഇന്ത്യ കളം പിടിക്കുകയായിരുന്നു. എന്നാല്‍, ധവാന്‍ പുറത്തായശേഷം വിശ്വസ്‌ത ബാറ്റ്‌സ്‌മാന്‍ വിരാട് കോഹ്‌ലിയും (8) പുറത്തായതോടെ നാലമനായി പാണ്ഡെ ക്രീസിലെത്തുകയായിരുന്നു.

രോഹിത് ശര്‍മ്മയുടെ പിന്തുണയോടെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഓസീസ് പേസര്‍മാരെ ശിക്ഷിച്ച് മുന്നേറിയ പാണ്ഡെ ടീമിന് വിജയമൊരുക്കുകയായിരുന്നു. ഇതിലും മികച്ച അവസരം ഇനി ലഭിക്കില്ലെന്ന് വ്യക്തമായ അദ്ദേഹം പതിയെ തുടങ്ങുകയും പിന്നീട് താളം കണ്ടെത്തുകയുമായിരുന്നു. രഹാനയുടെ അഭാവത്തില്‍ മധ്യനിരയില്‍ ഉറച്ചുനിന്ന് ജയം പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്വം തന്നില്‍ അര്‍പ്പിതമായതു പോലെയാണ് മനീഷ് പാണ്ഡെ കളിച്ചതും.

അവസാന ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 13 റണ്‍സായിരുന്നു. മറുവശത്ത് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനീഷറായ മഹേന്ദ്ര സിംഗ് ധോണിയുമായിരുന്നു. മിച്ചല്‍ മാര്‍ഷിന്റെ ആദ്യപന്ത് വൈഡും രണ്ടാം പന്തില്‍ ധോണി സിക്‍സര്‍ പായിക്കുകയും കൂടി ചെയ്‌തതോടെ എല്ലാം നായകനില്‍ ഒതുങ്ങുമെന്ന് കരുതി. എന്നാല്‍, കൂറ്റന്‍ അടിക്കുശ്രമിച്ച ധോണിയെ ലോംഗ് ഓഫില്‍ വാര്‍ണര്‍ അനായാസം കൈയിലൊതുക്കിയതോടെ കാത്തിരുന്ന ജയം പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്വം പാണ്ഡെയിലെത്തുകയായിരുന്നു. ഈ സമയം 98 റണ്‍സിലായിരുന്ന പാണ്ഡേ മിച്ചല്‍ മാര്‍ഷ് യോര്‍ക്കറിനു പന്ത് ഓഫ് സ്റമ്പിനു വെളിയിലേക്ക് തലോടി വിട്ടതോടെ കാത്തിരുന്ന ജയവും കന്നി സെഞ്ചുറിയെന്ന നേട്ടവും ഈ യുവതാരം സ്വന്തമാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :