അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (15:31 IST)
ലോകക്രിക്കറ്റിൽ എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ സ്വന്തമാക്കി ക്രിക്കറ്റിന്റെ ഇതിഹാസമെന്ന വിളിപ്പേര് സമ്പാദിച്ച ക്രിക്കറ്റ് താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യക്കാരെ ക്രിക്കറ്റിന് മുൻപിൽ പിടിച്ചിരുത്തി ഒരു തലമുറയെ ഒന്നാകെ ക്രിക്കറ്റിന് പിന്നാലെ ജീവിക്കാൻ ശീലിപ്പിച്ചത് സച്ചിനാണെങ്കിൽ വനിതാ ക്രിക്കറ്റിൽ അത് മിഥാലിരാജ് എന്ന പോരാളിയായിരുന്നു. വനിതാ ക്രിക്കറ്റിലെ ഇതിഹാസമെന്ന നിലയിൽ മിതാലി പാഡ് അഴിക്കുമ്പോൾ സച്ചിനുമായി ഒട്ടേറെ സാമ്യതകൾ നമുക്ക് കാണാൻ സാധിക്കും.
മാസ്റ്റർ ബ്ളാസ്റ്ററെ പോലെ പതിനാറാം വയസിൽ അരങ്ങേറി
23 വർഷക്കാലം നീണ്ട ക്രിക്കറ്റ് കരിയറിൽ ഒട്ടേറേ നേട്ടങ്ങൾ കൊയ്ത മിതാലി ഒരു ഇതിഹാസമായാണ് കളമൊഴിയുന്നത്. കരിയറിന്റെ അവസാന സമയത്ത് മെല്ലെപ്പോക്കിനെ ചൊല്ലി വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി താരത്തിന്റെ വിടവാങ്ങൽ തീരുമാനം. 1996ൽ തന്റെ പതിനാറാം വയസിലാണ് മിതാലി ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. 23 വർഷം നീണ്ട കരിയറിൽ ഇന്ത്യയ്ക്ക് വേണ്ടി 12 ടെസ്റ്റിലും 232 ഏകദിനത്തിലും 89 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
232 ഏകദിനങ്ങളിൽ 50.68 ശരാശരിയിൽ 7805 റൺസും 86ടി20 മത്സരങ്ങളിൽ നിന്ന് 37.52 ശരാശരിയിൽ 2364 റൺസും മിതാലി നേടിയിട്ടുണ്ട്. വനിതകളുടെ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും മിതാലി തന്നെ. വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം റൻസുകളെന്ന റെക്കോർഡ് സ്വന്തമായുള്ള മിതാലി ഏകദിനത്തിൽ തുടർച്ചയായി 7 മത്സരങ്ങളിൽ ഫിഫ്റ്റി നേടി റെക്കോർഡിട്ടിരുന്നു.