അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ജൂണ്‍ 2022 (15:10 IST)
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മിഥാലിരാജ് രാജ്യാന്തരക്രിക്കറ്റിലെ എല്ലാ ഫോര്മാറ്റുകളിൽ നിന്നും വിരമിച്ചു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ താരം തന്റെ മുപ്പത്തിഒൻപതാം വയസിലാണ് 23 വർഷക്കാലം നീണ്ടുനിന്ന ഐതിഹാസിക കരിയറിന്റെ അന്ത്യം കുറിക്കുന്നത്.
എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ജീവിതത്തിലെ രണ്ടാം ഇന്നിങ്സിന് പിന്തുണയും ആശംസയും പ്രതീക്ഷിക്കുന്നുവെന്നും മിതാലി ട്വീറ്റ് ചെയ്തു. 1996ൽ തന്റെ പതിനാറാം വയസിലാണ് മിതാലി ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയത്. 23 വർഷം നീണ്ട കരിയറിൽ ഇന്ത്യയ്ക്ക് വേണ്ടി 12 ടെസ്റ്റിലും 232 ഏകദിനത്തിലും 89 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.
ഏകദിനത്തിലെ റൺവേട്ടയിൽ ലോകതാരങ്ങളിൽ ഒന്നാമതുള്ള മിതാലി രാജ് 2 ലോകകപ്പ് ഫൈനലുകളിലേക്ക് ഇന്ത്യയെ നയിച്ചിട്ടുണ്ട്. 7805 റൺസാണ് മിതാലി ഏകദിനത്തിൽ മാത്രം സ്വന്തമാക്കിയത്. ഇതിൽ 64 അർധശതകവും 7 സെഞ്ചുറിയും ഉൾപ്പെടുന്നു.