അഭിറാം മനോഹർ|
Last Modified ബുധന്‍, 1 നവംബര്‍ 2023 (20:54 IST)
തന്റെ കരിയര്‍ ഇത്ര മികച്ച രീതിയില്‍ മുന്നോട്ട് പോകുമെന്ന് താന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് വിരാട് കോലി. എന്നെ ദൈവം അനുഗ്രഹിച്ചു. ഇതുപോലെ എല്ലാം നേടുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെ കോലി പറഞ്ഞു. ഞാന്‍ ഒരുപാട് റണ്‍സും സെഞ്ചുറികളും നേടുമെന്ന് ഞാന്‍ സ്വപ്നം കണ്ടിരുന്നു.
പക്ഷേ കാര്യങ്ങള്‍ ഈ രീതിയില്‍ കൃത്യമായി നടക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. ആര്‍ക്കും ഈ കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനാകില്ല. ഈ 12 വര്‍ഷത്തിനിടെ ഞാന്‍ ഇത്രയും സെഞ്ചുറികളും ഇത്രയധികം റണ്‍സും നേടുമെന്ന് ഞാന്‍ കരുതിയിട്ടില്ല. കരിയറിലെ ഒരു ഘട്ടത്തില്‍ പ്രഫഷണലിസത്തിന്റെ അഭാവം കണ്ടെത്തിയതിനാല്‍ കൂടുതല്‍ അച്ചടക്കത്തിലേയ്ക്ക് മാറിയിട്ടുണ്ട്. ജീവിതശൈലിയും കളിയ്ക്ക് അനുസൃതമായി മാറ്റേണ്ടി വന്നു. ടീമിന് മികച്ച പ്രകടനം നടത്തുകയും വിഷമകരമായ സാഹചര്യങ്ങളില്‍ ടീമിനായി മത്സരങ്ങള്‍ വിജയിപ്പിക്കുകയും ചെയ്യുക എന്നതിലായിരുന്നു എന്റെ ശ്രദ്ധ.അതിനായി അച്ചടക്കത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കോലി പറഞ്ഞു.