ചഹാലിനെ കളിപ്പിക്കാൻ പദ്ധതി ഇല്ലായിരുന്നു, വിവാദങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

അഭിറാം മനോഹർ| Last Modified ശനി, 5 ഡിസം‌ബര്‍ 2020 (08:30 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരവിജയത്തിന് ശേഷം ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. മത്സരത്തിൽ പരിക്കേറ്റ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ഇന്ത്യ സ്പിന്നർ യൂസ്‌വേന്ദ്ര ചഹാലിനെ ഇറക്കിയതാണ് വിവാദങ്ങൾക്ക് കാരണം. മത്സരത്തിൽ 3 വിക്കറ്റ് വീഴ്‌ത്തികൊണ്ട് നിർണായക പ്രകടനമാണ് ചാഹൽ നടത്തിയത്. മത്സരത്തിലെ താരവും ചാഹൽ തന്നെയായിരുന്നു. സബ്സ്റ്റിറ്റ്യൂട്ടിനെ പറ്റി ക്രിക്കറ്റ് ലോകം തന്നെ രണ്ട് തട്ടിലായിരിക്കുമ്പോൾ സംഭവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകനായ വിരാട് കോലി.

ഒന്നാം ടി20യിൽ ചഹാലിനെ കളിപ്പിക്കാൻ യാതൊരു ഉദ്ദേശവുമില്ലായിരുന്നു എന്നാണ് കോലി പറയുന്നത്. എന്നാൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്നത് ഞങ്ങൾക്ക് ആവശ്യമായി വരികയായിരുന്നു. ഏകദിനപരമ്പരയിൽ നന്നായി തല്ലുകൊണ്ട ചഹാല്‍ ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പ്രശ്‌നങ്ങളും പിഴവുകളും ഉള്‍ക്കൊണ്ട് പന്തെറിഞ്ഞതാണ് ചഹാലിന്റെ ശക്തമായ തിരിച്ചുവരവിന് കാരണമെന്നും കോലി പറഞ്ഞു.

അതേസമയം ഇന്ത്യൻ ബൗളർമാരുടെ പ്രകടനമാണ് ടീമിനെ വിജയിപ്പിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്‌ത്തിയ നടരാജനും നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത വാഷിങ്‌ടൺ സുന്ദറിന്റെയെല്ലാം പരകടനം ഇതിൽ നിർണായകമായിരുന്നു.ദീപക് ചഹാര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്‌ത്തി. അതേസമയം ടീമിലെ സീനിയർ താരമായ മുഹമ്മദ് ഷമി 46 റൺസുകളാണ് മത്സരത്തിൽ വിട്ടുനൽകിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :