വെബ്ദുനിയ ലേഖകൻ|
Last Updated:
ശനി, 25 ഏപ്രില്‍ 2020 (13:37 IST)
ഡല്‍ഹി: സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാനാണ് കോഹ്‌ലി, കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ ഭദ്രവുമാണ്. എന്നാൽ അതേ കോഹ്‌ലി നയിയ്ക്കുന്ന റൊയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു തവണ പോലും ഐപിഎൽ കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഐപിഎല്ലില്‍ തന്റെ കരിയര്‍ അവസാനിക്കുന്നത് വരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ തുടരുമെന്ന് തുറന്നു വെളിപ്പെടുത്തിയുരിയ്ക്കുകയാണ് ഇപ്പോൾ കോഹ്‌ലി.
ഡിവില്ലിയേഴ്‌സിനൊപ്പമുള്ള ഇൻസ്റ്റഗ്രാം ലൈവിലെത്തിയപ്പോഴായിരുന്നു കോഹ്‌ലി ഇക്കാര്യം തുറന്നുപറഞ്ഞത്. '12 വര്‍ഷമായി ഞാന്‍ ഇവിടെ. മനോഹരമായ യാത്രയാണ് അത്. ആര്‍സിബിക്ക് വേണ്ടി കിരീടം നേടുകയാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്ന്. കിരീടത്തോട് നമ്മള്‍ പല വട്ടം അടുത്തു. പക്ഷേ ജയിക്കാനായില്ല. ഈ ടീം വിടുന്നതിനെ കുറിച്ച് ഒരിക്കലും ഞാന്‍ ആലോചിക്കില്ല. ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിച്ച വലിയ സ്‌നേഹവും കരുതലുമാണ് അതിന് കാരണം' കോഹ്‌ലി പറഞ്ഞു.
12 ഐപിഎല്‍ സീസണിലും ഒരു ഫ്രഞ്ചൈസിക്ക് വേണ്ടി കളിച്ച ഏക താരമാണ് കോഹ്‌ലി. 2013ലാണ് കോഹ്‌ലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായക പദവി ഏറ്റെടുക്കുന്നത്. 177 മത്സരങ്ങളില്‍ നിന്ന് 5412 റൺസാണ് ഐപിഎല്ലിൽ കൊഹ്‌ലി സ്വന്തം പേരിൽ കുറിച്ചത്. 17 കോടി രൂപയാണ് കോഹ്‌ലിയുടെ ഇപ്പോഴത്തെ പ്രതിഫലം.
ഫോട്ടോ ക്രെഡിറ്റ്സ്: ഐപിഎൽ