പകരക്കാരനായി എത്തിയ 'സെഞ്ചൂറിയന്‍'; രണ്ടാം ടെസ്റ്റിലും താരമായി രാഹുല്‍

രേണുക വേണു| Last Modified വെള്ളി, 13 ഓഗസ്റ്റ് 2021 (08:34 IST)

ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഓപ്പണറാകും എന്നതായിരുന്നു സംശയം. ഓസ്‌ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍, പരുക്കിനെ തുടര്‍ന്ന് ഗില്‍ പുറത്ത്. മായങ്ക് അഗര്‍വാളിന് സാധ്യത തെളിയുന്നത് അങ്ങനെയാണ്. ഗില്ലിന് പകരം മായങ്ക് ഓപ്പണറാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മായങ്ക് അഗര്‍വാളിന് പരിശീലന മത്സരത്തിനിടെ പരുക്കേറ്റത് തിരിച്ചടിയായി. കെ.എല്‍.രാഹുലോ പൃഥ്വി ഷായോ മാത്രമാണ് പിന്നീടുള്ള ഓപ്ഷന്‍. സീനിയര്‍ താരമായ രാഹുലിനെ തന്നെ ഓപ്പണറാക്കാന്‍ കോലി തീരുമാനിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ രാഹുല്‍ പിന്നീട് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കാണുന്നത്.

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ രാഹുലിന് അര്‍ഹിക്കുന്ന സെഞ്ചുറി നഷ്ടമായപ്പോള്‍ രണ്ടാം ടെസ്റ്റില്‍ താരം പകരംവീട്ടി. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 127 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നില്‍ക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ആറാം സെഞ്ചുറിയാണ് രാഹുല്‍ ലോര്‍ഡ്‌സില്‍ നേടിയത്. 2018 ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയാണ് രാഹുല്‍ തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടിയത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍ അടങ്ങുന്ന ഇംഗ്ലണ്ടിന്റെ പേസ് നിരയെ തന്ത്രപൂര്‍വ്വമാണ് രാഹുല്‍ നേരിട്ടത്. തുടക്കത്തില്‍ വളരെ ഇഴഞ്ഞും പിന്നീട് സ്‌കോറിങ്ങിന് വേഗം കൂട്ടിയും രാഹുല്‍ ഇന്ത്യയെ സുരക്ഷിത താവളത്തിലെത്തിച്ചു. ആദ്യ ദിനത്തിലെ മേല്‍ക്കൈ തുടരുകയും മഴ മാറിനില്‍ക്കുകയും ചെയ്താല്‍ രാഹുലിന്റെ മികവില്‍ ഇന്ത്യയ്ക്ക് അനായാസ വിജയം നേടാന്‍ കഴിഞ്ഞേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :