രേണുക വേണു|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (09:34 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള തന്റെ സ്വപ്‌ന ടീമില്‍ നിന്ന് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പുറത്താക്കി സഞ്ജയ് മഞ്ജരേക്കര്‍. ജഡേജയുമായി മഞ്ജരേക്കര്‍ അത്ര രസത്തിലല്ല എന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് അറിയുന്ന കാര്യമാണ്. അതിനിടയിലാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച ജഡേജയെ മാറ്റിനിര്‍ത്തി രണ്ടാം ടെസ്റ്റിനുള്ള ടീമിനെ മഞ്ജരേക്കര്‍ പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മയും കെ.എല്‍.രാഹുലും തന്നെയാണ് ഓപ്പണര്‍മാര്‍. ചേതേശ്വര്‍ പൂജാര മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. വിരാട് കാലി നാലാമതും അജിങ്ക്യ രഹാനെ അഞ്ചാമതും. ആറാമനായി ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ഹനുമ വിഹാരി വേണമെന്ന് മഞ്ജരേക്കര്‍ പറയുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ഏഴാമനായി ഇറങ്ങുന്നതാണ് ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ കൂടുതല്‍ മെച്ചമെന്നും മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടുന്നു.
നാല് ബൗളര്‍മാര്‍ മതിയെന്നാണ് മഞ്ജരേക്കര്‍ പറയുന്ന്. മൂന്ന് പേസര്‍മാരും ഒരു സ്പിന്നറും. ഒന്നാം ടെസ്റ്റില്‍ ജഡേജയായിരുന്നു ഇന്ത്യയുടെ ഏക സ്പിന്നര്‍. എന്നാല്‍, രണ്ടാം ടെസ്റ്റില്‍ ജഡേജയെ ഒഴിവാക്കി രവിചന്ദ്രന്‍ അശ്വിനെ ഉള്‍പ്പെടുത്തണമെന്നാണ് മഞ്ജരേക്കര്‍ പറയുന്നത്. അശ്വിന് വിക്കറ്റെടുക്കാന്‍ കഴിയുമെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. മൊഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് നിരയെ ശക്തിപ്പെടുത്തുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു. ഒന്നാം ടെസ്റ്റില്‍ നായകന്‍ വിരാട് കോലി അടക്കമുള്ള ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ അര്‍ധ സെഞ്ചുറി നേടി കഴിവ് തെളിയ താരമാണ് ജഡേജ. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ടോപ് സ്‌കോററായ ജഡേജയെ ഒഴിവാക്കണമെന്ന മഞ്ജരേക്കറുടെ നിലപാട് അത്ര നിഷ്‌കളങ്കമല്ലെന്നാണ് ആരാധകര്‍ പറയുന്നത്.