അഭിറാം മനോഹർ|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (13:16 IST)
ടി20 ക്രിക്കറ്റിൽ 10,000 റൺസ് എന്നത് പല താരങ്ങൾക്കും ഒരു സ്വപ്‌നമായിരിക്കാം, അതേ ടി20യിൽ തന്നെ 300 വിക്കറ്റുകൾ എന്ന നേട്ടവും ക്രിക്കറ്റിൽ ചുരുക്കം താരങ്ങൾ മാത്രം സ്വന്തമാക്കിയിട്ടുള്ള നേട്ടമാണ്. കൃത്യമായി പറയുകയാണെങ്കിൽ ടി20യിൽ 10,000 റൺസ് സ്വന്തമാക്കിയിട്ടുള്ള 5 ബാറ്റ്സ്മാന്മാരും 300 വിക്കറ്റ് സ്വന്തമാക്കിയിട്ടുള്ള 11 ബൗളർമാരുമാണുള്ളത്. ഈ രണ്ട് ലിസ്റ്റിലും പേരുള്ള ഒരേയൊരു താരത്തെ മാത്രമെ നിങ്ങൾക്ക് കാണാനാവു. അയാളാണ് ടി20 ക്രിക്കറ്റിലെ ഒരേയൊരു രാജാവ് എന്ന് പറഞ്ഞാൽ പോലും അതിൽ അതിശയോക്തിയില്ല.
മുംബൈ ഇന്ത്യൻസിന്റെ വിൻഡീസ് താരം കിറോൺ പൊള്ളാർഡാണ് ടി20യിലെ ഈ സ്വപ്‌നറെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരെ കെഎൽ രാഹുലിന്റെ വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് അപൂർവനേട്ടം താരം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസിനായി തോൽവിയുടെ അറ്റം കണ്ട പല മത്സരങ്ങളിൽ നിന്നും രക്ഷിച്ചെടുത്ത പൊള്ളാർഡ് ഐപിഎല്ലിലെ തന്നെ മികച്ച താരങ്ങളിലൊരാളായാണ് വിലയിരുത്തുന്നത്.
ഐപിഎൽ ഉൾപ്പടെയുള്ള 565 ടി20 മത്സരങ്ങളിൽ നിന്നും 11217 റൺസാണ് പൊള്ളാർഡിന്റെ പേരിലുള്ളത്. 448 മത്സരങ്ങളിൽ നിന്നും 14,276 റൺസുള്ള ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ ഒന്നാമത്. 10,063 റൺസുമായി ഇന്ത്യൻ നായകൻ വിരാട് കോലി പട്ടികയിൽ നാലാമ് സ്ഥാനത്താണ്. ബൗളർമാരുടെ പട്ടികയിൽ പന്ത്രണ്ടാമനായാണ് പൊള്ളാർഡിന്റെ സ്ഥാനം. 502 മത്സരങ്ങളിൽ നിന്നും 546 വിക്കറ്റുമായി വിൻഡീസിന്റെ തന്നെ ഡെയ്‌ൻ ബ്രാവോയാണ് പട്ടികയിൽ ഒന്നാമത്.
അതേസമയം തന്റെ അവിശ്വസനീയമായ നേട്ടത്തെ മുംബൈ താരം ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. എനിക്ക് ആവശ്യത്തിന് പേസ് ഉള്ളതായി തോന്നിയിട്ടില്ല, പന്ത് സ്പിൻ ചെയ്യിക്കാൻ കഴിവില്ല,സ്വിങ് ഇല്ല. എന്നാൽ എനിക്ക് നല്ലൊരു തലച്ചോറുണ്ട്. അത് കൃത്യമായി ഉപയോഗിക്കാൻ എനിക്കറിയാം. ഐപിഎല്ലിൽ 5 കിരീടവിജയങ്ങളിൽ പങ്കാളിയാണ് ഈ വിൻഡീസ് താരം.
പ്രായമേറിവരുന്നു. ഡ്രെസ്സിങ് റൂമിൽ നിരവധി പുതിയ താരങ്ങൾ അവസരം നോക്കി നിൽക്കുന്നുവെന്ന് എനിക്ക് അറിയാം. അവരോട് എനിക്ക് ഇപ്പോഴും എനിക്ക് ഒരു കാര്യം പറയാനുണ്ട്. നോക്കു. ഇപ്പോഴും ഈ പണി എനിക്ക് വൃത്തിയായി അറിയാം. എനിക്ക് എന്ത് സാധിക്കുമെന്ന് പുതിയ കുട്ടികൾക്ക് കാണിച്ച് കൊടുക്കാനുള്ള സമയമാണിത്. പൊള്ളാർഡ് പറഞ്ഞു.