രേണുക വേണു|
Last Modified ചൊവ്വ, 14 ജനുവരി 2025 (16:29 IST)
ഐപിഎല്‍ താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 2.60 കോടിക്ക് സ്വന്തമാക്കിയ ഇംഗ്ലീഷ് താരമാണ് ജേക്കബ് ബെതേല്‍. വെറും 21 വയസ് മാത്രമുള്ള ബെതേല്‍ ഭാവിയില്‍ ആര്‍സിബിയുടെ ഐക്കണ്‍ ആകാന്‍ പോലും സാധ്യതയുണ്ടെന്നാണ് ക്രിക്കറ്റ് ലോകം അന്ന് വിലയിരുത്തിയത്. അതിനു അടിവരയിടുന്ന തരത്തിലുള്ള വെടിക്കെട്ട് പ്രകടനമാണ് ബിഗ് ബാഷ് ലീഗില്‍ താരം കാഴ്ചവയ്ക്കുന്നത്.
ബിബിഎല്ലില്‍ റെനഗേഡ്സിനു വേണ്ടിയാണ് ജേക്കബ് ബെതേല്‍ കളിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഹോബര്‍ട്ട് ഹാരികെയ്ന്‍സിനെതിരായ മത്സരത്തില്‍ റെനഗേഡ്സിനു വേണ്ടി ബെതേല്‍ അര്‍ധ സെഞ്ചുറി നേടി. 50 പന്തില്‍ എട്ട് ഫോറും നാല് സിക്സും അടങ്ങിയതായിരുന്നു ബെതേലിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
ബിബിഎല്ലിലെ ആദ്യ അര്‍ധ സെഞ്ചുറിയാണ് ബെതേല്‍ നേടിയിരിക്കുന്നത്. സ്കോര്‍ ബോര്‍ഡില്‍ ഒന്‍പത് റണ്‍സ് ആകുമ്പോഴേക്കും റെനഗേഡ്സിനു രണ്ട് വിക്കറ്റുകള്‍ നഷ്ടമായതാണ്. എന്നാല്‍ നാലാമനായി എത്തിയ ബെതേല്‍ ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചു. 20 ഓവര്‍ അവസാനിക്കുമ്പോള്‍ റെനഗേഡ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയിട്ടുണ്ട്.
മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്പ്പുള്ളതിനൊപ്പം ടീമിനു തകര്‍ച്ചയുണ്ടായാല്‍ ഒരു വശത്ത് നങ്കൂരമിട്ട് ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവും ബെതേലിനുണ്ട്. വരുന്ന സീസണില്‍ ക്ലിക്കായാല്‍ തുടര്‍ന്നങ്ങോട്ട് ആര്‍സിബിയുടെ ഭാവി താരമായി ബെതേല്‍ മാറുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ അടുത്ത 'ബിഗ് സ്റ്റാര്‍' എന്നാണ് ഇംഗ്ലീഷ് സ്പോര്‍ട്സ് മാധ്യമങ്ങള്‍ അടക്കം ബെതേലിനെ വിശേഷിപ്പിക്കുന്നത്. ഇടംകൈയന്‍ ബാറ്ററായ ബെതേല്‍ ബൗളിങ്ങിലും മികവ് പുലര്‍ത്തുന്നുണ്ട്.