രേണുക വേണു|
Last Modified ചൊവ്വ, 14 ജനുവരി 2025 (09:52 IST)
രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കാന്‍ ജസ്പ്രിത് ബുംറ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. രോഹിത്തിന്റെ ഉപനായകനായിരുന്ന ബുംറ തന്നെയാണ് അടുത്ത ടെസ്റ്റ് ക്യാപ്റ്റനാകാന്‍ അനുയോജ്യനെന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും സമ്മതിക്കുന്നു. എന്നാല്‍ ബുംറയ്ക്കു സഹായിയായി ആരെ ഉപനായകനാക്കണമെന്ന കാര്യത്തില്‍ പരിശീലകനും സെലക്ടര്‍മാരും രണ്ട് തട്ടിലാണ്.
ഇടയ്ക്കിടെ പരുക്കിന്റെ പിടിയിലാകുന്നതിനാല്‍ ബുംറയ്ക്ക് എല്ലാ ടെസ്റ്റ് മത്സരങ്ങളിലും കളിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ശക്തനായ ഉപനായകനെ നിയോഗിക്കണം. റിഷഭ് പന്ത് ഉപനായകനാകണമെന്നാണ് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ അഭിപ്രായം. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും പന്ത് നായകസ്ഥാനം വഹിച്ചിട്ടുണ്ട്. ഇക്കാരണത്താലാണ് സെലക്ടര്‍മാര്‍ പന്തിനു മുന്‍ഗണന നല്‍കുന്നത്.
അതേസമയം, യുവതാരം യശസ്വി ജയ്‌സ്വാളിനെയാണ് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത്. 23 വയസുകാരനായ ജയ്‌സ്വാള്‍ വിദൂര ഭാവിയില്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലും നായകനാകാന്‍ ശേഷിയുള്ള താരമാണ്. അതുകൊണ്ട് ഇപ്പോള്‍ തന്നെ ഉപനായകസ്ഥാനം നല്‍കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ഗംഭീറിന്റെ അഭിപ്രായം.
അതേസമയം, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍, ബിസിസിഐ അടുത്ത ക്യാപ്റ്റനെ കണ്ടെത്തുന്നതുവരെ ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരാന്‍ രോഹിത് താല്‍പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ഇന്ത്യയെ നയിക്കും. ചാംപ്യന്‍സ് ട്രോഫിക്കു ശേഷം പുതിയ നായകനെ തിരഞ്ഞെടുത്താല്‍ സമ്പൂര്‍ണ പിന്തുണ നല്‍കുമെന്നും രോഹിത് വ്യക്തമാക്കിയതായാണ് വിവരം. വിരാട് കോലിയുടെ ഭാവി ചാംപ്യന്‍സ് ട്രോഫിയിലെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ബിസിസിഐ വിലയിരുത്തുക.