അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (12:23 IST)
പതിമൂന്നാം
ഐപിഎൽ സീസണിലെ മൂന്നാം മത്സരത്തിലും രണ്ടക്കം കടക്കാനാവാതെ ലോക ഒന്നാം നമ്പർ ഏകദിന ക്രിക്കറ്റ് താരമായ വിരാട് കോലി. ആദ്യമത്സരത്തിൽ 12 റൺസും രണ്ടാം മത്സരത്തിൽ 1 റൺസും ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മൂന്നാം മത്സരത്തിൽ 3 റൺസുമാണ് ഇന്ത്യൻ നായകന് സ്വന്തമാക്കാനായത്. കോലിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ തന്നെ ഏറ്റവും മോശം വർഷമാണ് 2020. ഈ വർഷമാദ്യം നടന്ന ന്യൂസിലൻഡ് പര്യടനത്തിൽ ടെസ്റ്റിലും ഏകദിനത്തിലും കോലി പൂർണ പരാജയമായിരുന്നു.
ജനുവരിയിൽ ഓസീസിനെതിരെ നടന്ന ഏകദിനപരമ്പരയിലാണ് കോലി അവസാനമായി നല്ലരീതിയിൽ ബാറ്റ് വീശിയത്. 3 മത്സരങ്ങളിൽ നിന്നായി 183 റൺസാണ് കോലി അന്ന് സ്കോർ ചെയ്‌തത്. പിന്നാലെ ന്യൂസിലൻഡ് പര്യടനത്തിൽ 4 ടെസ്റ്റ് ഇൻനിങ്‌സുകളിൽ നിന്നും വെറും 38 റൺസും ഏകദിനത്തിൽ 3 ഇന്നിങ്‌സുകളിൽ നിന്ന് 75 റൺസും ടി20യിൽ 4 ഇന്നിങ്സുകളിൽ 105 റൺസുമാണ് കോലി നേടിയത്.
അതേസമയം മോശം ഫോമിൽ നിന്നും കോലിക്ക് കരകയറാനാകാത്തത് ആരാധകരെ ആശങ്കയിലാക്കുകയാണ്. ക്രീസിൽ നിമിഷങ്ങൾ കൊണ്ട് നിലയുറപ്പിക്കുന്ന കോലി എന്നാൽ പതിവിന് വിപരീതമായി പതറുന്ന കാഴ്‌ച്ചയാണ് ഈ ഐപിഎൽ സാക്ഷ്യം വഹിക്കുന്നത്.