ഐപിഎൽ മെഗാ ലേലത്തിന് മുൻപ് ടീമുകൾക്ക് എത്ര പേരെ നിലനിർത്താം? ഒടുവിൽ അതിലും തീരുമാനമായി

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (18:48 IST)
ഐപിഎല്ലിൽ പുതിയതായി രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഡിസംബറിൽ നടക്കാനിരിക്കുന്ന മെഗാ താരലേലത്തിന് മുന്നോടിയായി ഓരോ ടീമുകൾക്കും നാല് താരങ്ങളെ വീതം നിലനിർത്താമെന്ന് ഐപിഎല്‍ ഭരണസമിതി തീരുമാനം. മൂന്ന് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശതാരത്തെയും അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ, വിദേശ താരങ്ങളെയും നിലനിർത്താം എന്നാണ് വ്യവസ്ഥയെന്ന് ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

പുതിയ രണ്ട് ടീമുകൾക്ക് താരലേലത്തിന് മുൻപ് മൂന്ന് താരങ്ങളെ ഡ്രാഫ്റ്റിലൂടെ സ്വന്തമാക്കാനാവും. രണ്ട് ഇന്ത്യൻ താരങ്ങളെയും ഒരു വിദേശതാരത്തെയുമാകും ഇത്തരത്തിൽ നിലനിർത്താനാവുക.

ഓരോ ടീമിനും ലേലത്തില്‍ ചെലവഴിക്കാവുന്ന പരമാവധി തുക കഴിഞ്ഞ സീസണിലെ 85 കോടിയില്‍ നിന്ന് 90 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം
2018ലെ മെഗാ താരലേലത്തിലേതുപോലെ ടീമുകള്‍ക്ക് റൈറ്റ് ടു മാച്ച് കാര്‍ഡ്(RTM) ഇത്തവണ ഉപയോഗിക്കാനാവില്ല.

ടീമിൽ നിലനിർത്തുന്ന താരങ്ങളിൽ ക്യാപ്ഡ്, അണ്‍ ക്യാപ്ഡ് വ്യത്യാസം ഉണ്ടാവില്ല. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളില്‍ ഉള്‍പ്പെട്ടാലും ലേലലത്തിന് പോണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം കളിക്കാരന്‍റേതാവും.നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബർ മാസം അവസാനത്തോടെ പുറത്തുവിടണമെന്നാണ് അനൗദ്യോഗിക നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് താരങ്ങളെ നിലനിർത്താൻ അനുമതി കിട്ടിയതോടെ എം എസ് ധോണി അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിൽ ഉണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. ക്യാപ്‌റ്റൻ സ്ഥാനമൊഴിഞ്ഞെങ്കിലും കോലിയും ബാംഗ്ലൂരിൽ തുടരും. അതേസമയം ഡേവിഡ് വാർണർ, കെഎൽ രാഹുൽ എന്നിവർ ഇത്തവണ ലേലത്തിൽ ഉണ്ടാകാനാണ് സാധ്യതകളേറെയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :