സുബിന്‍ ജോഷി|
Last Updated:
ശനി, 19 സെപ്‌റ്റംബര്‍ 2020 (23:32 IST)
ഐപിഎല്‍ ആദ്യ മത്‌സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് തകര്‍പ്പന്‍ വിജയം. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്‍ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു.
48 പന്തുകളില്‍ നിന്ന് 71 റണ്‍സെടുത്ത അമ്പാട്ടി റായുഡു ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാര്‍ പെട്ടെന്ന് പുറത്തായെങ്കിലും ഡുപ്ലെസിയും റായുഡും ചേര്‍ന്ന് മുംബൈയെ സധൈര്യം നേരിട്ടു. 10 റണ്‍സ് മാത്രമെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിന് ശേഷമെത്തിയ സാം കറണ്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഉറപ്പിച്ച് ബാറ്റ് വീശിയെങ്കിലും ആറ് പന്തുകളില്‍ 18 റണ്‍സെടുത്ത് പുറത്തായി. ഇതില്‍ രണ്ട് പടുകൂറ്റന്‍ സിക്‍സറുകളും ഉള്‍പ്പെടുന്നു. എന്നാല്‍ കറണിന്‍റെ ആ ബാറ്റിംഗാണ് ചെന്നൈയെ വിജയത്തിലെത്തിച്ചതെന്ന് നിസംശയം പറയാം.
ചെന്നൈ ബാറ്റിംഗിന്‍റെ നട്ടെല്ലായത് സമചിത്തതയോടെ ബാറ്റ് വീശിയ ഡുപ്ലെസിയാണ്. 44 പന്തുകള്‍ നേരിട്ട അദ്ദേഹം 6 ബൌണ്ടറികളുടെ പിന്‍ബലത്തോടെ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിജയറണ്‍ കുറിച്ചതും അദ്ദേഹമായിരുന്നു. കറണിന് പകരമിറങ്ങിയ നായകന്‍ എം എസ് ധോണി റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഇന്ത്യന്‍സ് ബാറ്റ്സ്‌മാന്‍മാര്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 162 റണ്‍സെടുത്തു. 42 റണ്‍സെടുത്ത തിവാരിയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍.
ഓപ്പണര്‍ ഡികോക്ക് 33 റണ്‍സും രോഹിത് ശര്‍മ 12 റണ്‍സുമെടുത്ത് പുറത്തായപ്പോഴും ഒരു മികച്ച ടോട്ടല്‍ കെട്ടിയുയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സിന് കഴിയുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ കൂറ്റനടിക്കാരായ ഹാര്‍ദ്ദിക് പാണ്ഡ്യ(14)യും പൊള്ളാര്‍ഡും (18) കാര്യമായ സംഭാവന നല്‍കാതെ മടങ്ങിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് സ്‌കോര്‍ 162 റണ്‍സിലൊതുങ്ങുകയായിരുന്നു.
ചെന്നൈയ്‌ക്കുവേണ്ടി ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റുകളും ദീപക് ചാഹര്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.