ഇതൊരു നോ ബോള്‍ ആണോ ! ക്ഷുഭിതരായി ഇന്ത്യന്‍ ആരാധകര്‍; ഓസ്‌ട്രേലിയയോട് മാത്രം എന്തിന് മമത

രേണുക വേണു| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (20:08 IST)

ഇന്ത്യ-ഓസ്‌ട്രേലിയ വനിത ക്രിക്കറ്റ് ടീമുകളുടെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം വിവാദത്തില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിത ടീം നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് നേടിയപ്പോള്‍ അവസാന ഓവറിലെ അവസാന പന്തിലാണ് അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ വിജയം സ്വന്തമാക്കിയത്. ജുലാന്‍ ഗോസ്വാമിയാണ് ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞത്.

അവസാന ഓവറിലെ അവസാന പന്തില്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്ന് റണ്‍സ്. നിക്കോള കാരിയായിരുന്നു ബാറ്റര്‍. ജുലാന്റെ പന്തില്‍ നിക്കോള കാരി ക്യാച്ച് നല്‍കി പുറത്താകുന്നു. ഇന്ത്യ വിജയാഹ്ലാദം തുടങ്ങി. എന്നാല്‍, അംപയര്‍ നോ ബോള്‍ വിളിച്ചു. യഥാര്‍ഥത്തില്‍ ആ പന്ത് നോ ബോള്‍ ആയിരുന്നോ എന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന ചോദ്യം. നാടകീയ നിമിഷങ്ങളാണ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. അരയ്ക്ക് മുകളില്‍ നിന്നാണോ കാരി ആ പന്ത് കളിച്ചതെന്ന് തേര്‍ഡ് അംപയറും പരിശോധിച്ചു. ഒടുവില്‍ നോ ബോള്‍ അനുവദിക്കുകയായിരുന്നു. അതോടെ ഒരു പന്തില്‍ നിന്ന് രണ്ട് റണ്‍സെടുത്താല്‍ ഓസ്‌ട്രേലിയക്ക് ജയിക്കാമെന്നായി. നോ ബോള്‍ ഭാഗ്യം നല്‍കിയ അവസാന പന്ത് ലോങ്-ഓണിലേക്ക് കളിച്ച് ഓസ്‌ട്രേലിയ രണ്ട് റണ്‍സ് ഓടിയെടുത്തു. ഇന്ത്യയുടെ ഹൃദയം തകരുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

ഗോസ്വാമിയുടെ അവസാന പന്ത് ഓസീസ് ബാറ്റര്‍ കാരി കളിച്ചത് ഏതാണ്ട് ക്രീസില്‍ നിന്ന് പുറത്തിറങ്ങിയാണ്. അരയ്ക്ക് താഴേക്ക് താഴ്ന്നുവരുന്ന ഫുള്‍ടോസ് ബോള്‍ മാത്രമായിരുന്നു അതെന്നും ഓസ്‌ട്രേലിയ ആയതുകൊണ്ട് തേര്‍ഡ് അംപയര്‍മാര്‍ വരെ കണ്ണടയ്ക്കുകയാണെന്നും വിമര്‍ശനം ശക്തമായിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :