രേണുക വേണു|
Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (11:51 IST)
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ കളിക്കണമെന്ന് താന്‍ അതിയായി ആഗ്രഹിച്ചിരുന്നതായി യുവതാരം വെങ്കടേഷ് അയ്യര്‍. സൗരവ് ഗാംഗുലിയാണ് അതിനു കാരണമെന്നും വെങ്കടേഷ് അയ്യര്‍ പറഞ്ഞു. ഐപിഎല്‍ ആദ്യ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനായിരുന്നു ഗാംഗുലി. താന്‍ കടുത്ത ഗാംഗുലി ആരാധകനാണെന്നും അങ്ങനെയാണ് ഇടംകൈയന്‍ ബാറ്റര്‍ ആയതെന്നും വെങ്കടേഷ് അയ്യര്‍ വ്യക്തമാക്കി.
'സത്യസന്ധമായി പറഞ്ഞാല്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയില്‍ കളിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. സൗരവ് ഗാംഗുലിയാണ് അതിനു കാരണം. അദ്ദേഹമായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ നായകന്‍. എന്നെ ടീമില്‍ എടുത്തപ്പോള്‍ വലിയൊരു സ്വപ്‌നമാണ് പൂവണിഞ്ഞത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എനിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്,' വെങ്കടേഷ് അയ്യര്‍ പറഞ്ഞു.
'ഞാന്‍ കടുത്ത ദാദ ആരാധകന്‍ ആണ്. ലോകം മുഴുവന്‍ അദ്ദേഹത്തിനു ലക്ഷകണത്തിനു ആരാധകര്‍ ഉണ്ട്. അതില്‍ ഒരാളാണ് ഞാനും. പരോക്ഷമായി എന്റെ ബാറ്റിങ് രീതിയില്‍ ദാദ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ വലംകൈയന്‍ ബാറ്റര്‍ ആയിരുന്നു. ദാദയെ പോലെ ബാറ്റ് ചെയ്യണമെന്നും ബൗള്‍ ചെയ്യണമെന്നും അതിയായി ഞാന്‍ ആഗ്രഹിച്ചു. ദാദയെ അതുപോലെ തന്നെ പകര്‍ത്തണമെന്നായിരുന്നു കുട്ടിക്കാലത്ത് ആഗ്രഹം. അദ്ദേഹം സിക്‌സ് അടിക്കുന്ന രീതിയൊക്കെ അതുപോലെ തന്നെ വേണം. അങ്ങനെയാണ് ഞാനും ദാദയെ പോലെ ഇടംകൈയന്‍ ബാറ്റര്‍ ആയത്. അറിയാതെ ആണെങ്കില്‍ കൂടി ദാദ എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. ഞാന്‍ അദ്ദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു,' വെങ്കടേഷ് അയ്യര്‍ പറഞ്ഞു.