India vs Sri Lanka, 2nd ODI: ലോക ചാംപ്യന്‍മാരെ 'വട്ടംകറക്കി' ലങ്കന്‍ മാജിക്ക്; ഇന്ത്യക്ക് നാണംകെട്ട തോല്‍വി

32 റണ്‍സിന്റെ തോല്‍വിയാണെങ്കിലും ഇന്ത്യ തോറ്റ രീതി ഞെട്ടിക്കുന്നതായിരുന്നു

India vs Sri Lanka
രേണുക വേണു| Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2024 (07:55 IST)
India vs Sri Lanka

India vs Sri Lanka, 2nd ODI: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ 32 റണ്‍സിന്റെ തോല്‍വി വഴങ്ങി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 42.2 ഓവറില്‍ 208 ന് ഓള്‍ഔട്ടായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ലങ്ക 1-0 ത്തിനു മുന്നിലെത്തി. ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തില്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാകും.

32 റണ്‍സിന്റെ തോല്‍വിയാണെങ്കിലും ഇന്ത്യ തോറ്റ രീതി ഞെട്ടിക്കുന്നതായിരുന്നു. 13.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 97 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെ നിന്നാണ് പേരുകേട്ട ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ച. നായകന്‍ രോഹിത് ശര്‍മ 44 പന്തില്‍ 64 റണ്‍സ് നേടി ടോപ് സ്‌കോററായി. അക്ഷര്‍ പട്ടേല്‍ 44 പന്തില്‍ 44 റണ്‍സും ശുഭ്മാന്‍ ഗില്‍ 44 പന്തില്‍ 35 റണ്‍സുമെടുത്തു. മറ്റാര്‍ക്കും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചില്ല. വിരാട് കോലി 19 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായി. നാലാമനായി ക്രീസിലെത്തിയ ശിവം ദുബെ നാല് പന്ത് നേരിട്ട് പൂജ്യത്തിനു പുറത്തായി. ശ്രേയസ് അയ്യര്‍ (ഒന്‍പത് പന്തില്‍ ഏഴ്), കെ.എല്‍.രാഹുല്‍ (പൂജ്യം) എന്നിവരും നിരാശപ്പെടുത്തി.

ലങ്കയുടെ ലെഗ് സ്പിന്നര്‍ ബൗളര്‍ ജെഫ്രി വാന്‍ഡേഴ്‌സിയാണ് ഇന്ത്യന്‍ ബാറ്റര്‍മാരെ കറക്കി വീഴ്ത്തിയത്. 10 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വാന്‍ഡേഴ്‌സി വീഴ്ത്തി. ചരിത് അസലങ്ക 6.2 ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. അവിഷ്‌ക ഫെര്‍ണാണ്ടോ (62 പന്തില്‍ 40), കമിന്ദു മെന്‍ഡിസ് (44 പന്തില്‍ 40), ദുനിത് വെല്ലാലഗെ (35 പന്തില്‍ 39) എന്നിവരുടെ പ്രകടനങ്ങളാണ് ലങ്കയുടെ ടോട്ടല്‍ 240 ല്‍ എത്തിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :