രേണുക വേണു|
Last Modified ശനി, 3 ഓഗസ്റ്റ് 2024 (09:27 IST)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനം സമനിലയായതില്‍ നിരാശ പ്രകടിപ്പിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. വിജയിക്കാനുള്ള ഒരു റണ്‍സ് തങ്ങള്‍ നിര്‍ബന്ധമായും സ്‌കോര്‍ ചെയ്യേണ്ടതായിരുന്നെന്ന് രോഹിത് പറഞ്ഞു. ജയിക്കാവുന്ന സ്‌കോറാണ് ഉണ്ടായിരുന്നതെന്നും തുടക്കത്തിലെ ആധിപത്യം നിലനിര്‍ത്തേണ്ടതായിരുന്നെന്നും രോഹിത് പറഞ്ഞു.
' പിന്തുടര്‍ന്നു ജയിക്കാവുന്ന സ്‌കോര്‍ ആയിരുന്നു. തുടക്കത്തില്‍ ഞങ്ങള്‍ നന്നായി കളിച്ചു. പത്ത് ഓവറിനു ശേഷം സ്പിന്നര്‍മാര്‍ എത്തുമ്പോള്‍ കളി മാറുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഇടയില്‍ ചില വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഞങ്ങള്‍ പിന്നിലേക്കു പോയി. രാഹുല്‍-അക്ഷര്‍ കൂട്ടുകെട്ട് വീണ്ടും ഞങ്ങളെ കളിയിലേക്ക് തിരിച്ചെത്തിച്ചു. അവസാനം 14 പന്തില്‍ ഒരു റണ്‍സ് മതിയായിരുന്നു, അത് നേടാന്‍ സാധിക്കാത്തത് കുറച്ച് നിരാശപ്പെടുത്തുന്നു. ആ ഒരു റണ്‍സ് തീര്‍ച്ചയായും ഞങ്ങള്‍ സ്‌കോര്‍ ചെയ്യേണ്ടതായിരുന്നു,' രോഹിത് പറഞ്ഞു.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 47.5 ഓവറില്‍ ഇതേ റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. 14 പന്തുകളും രണ്ട് വിക്കറ്റുകളും ശേഷിക്കെ വെറും ഒരു റണ്‍സ് മാത്രമായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. നായകന്‍ ചരിത് അസലങ്ക എറിഞ്ഞ 48-ാം ഓവറിലെ നാലും അഞ്ചും പന്തുകളില്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ ഓള്‍ഔട്ടായി. ഇന്ത്യയെ സമനില വരെ എത്തിച്ച ശിവം ദുബെ, അവസാന ബാറ്റര്‍ അര്‍ഷ്ദീപ് സിങ് എന്നിവരെയാണ് തുടര്‍ച്ചയായി നഷ്ടമായത്.