രേണുക വേണു|
Last Modified വ്യാഴം, 6 ജൂണ്‍ 2024 (09:17 IST)
India vs Ireland, T20 World Cup 2024: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 16 ഓവറില്‍ 96 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ജയം സ്വന്തമാക്കി. ജസ്പ്രീത് ബുംറയാണ് കളിയിലെ താരം.
ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി നേടി. 37 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്‌സും സഹിതം 52 റണ്‍സ് നേടിയ രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. ഷോല്‍ഡറില്‍ പന്ത് കൊണ്ടതിനെ തുടര്‍ന്നാണ് അര്‍ധ സെഞ്ചുറിക്ക് പിന്നാലെ രോഹിത് കളം വിട്ടത്. റിഷഭ് പന്ത് 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 36 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണറായി ഇറങ്ങിയ വിരാട് കോലി (അഞ്ച് പന്തില്‍ ഒന്ന്), നാലാമനായി ക്രീസിലെത്തിയത സൂര്യകുമാര്‍ യാദവ് (നാല് പന്തില്‍ രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ അയര്‍ലന്‍ഡ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ തലകുനിക്കുന്ന കാഴ്ചയാണ് കണ്ടത്. അയര്‍ലന്‍ഡ് നിരയില്‍ ആറ് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. ജസ്പ്രീത് ബുംറ മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി കണ്ട് വിക്കറ്റ് വീഴ്ത്തി. ഹാര്‍ദിക് പാണ്ഡ്യക്ക് മൂന്നും അര്‍ഷ്ദീപ് സിങ്ങിന് രണ്ടും വിക്കറ്റുകള്‍. അക്ഷര്‍ പട്ടേലും മുഹമ്മദ് സിറാജും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.