രേണുക വേണു|
Last Modified തിങ്കള്‍, 3 ജൂണ്‍ 2024 (07:19 IST)
T20 World Cup 2024,
West Indies vs Papu New Guinea: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെ വിറപ്പിച്ച് പപ്പു ന്യു ഗിനിയ. 137 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വെറും ആറ് പന്തുകള്‍ ശേഷിക്കെയാണ് വിജയം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റുകള്‍ നഷ്ടമാകുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത പപ്പു ന്യു ഗിനിയ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
അനായാസ ജയം ലക്ഷ്യംവെച്ച് ബാറ്റിങ്ങിനു ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ തുടക്കം മുതല്‍ പപ്പു ന്യു ഗിനിയ വിറപ്പിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് ആയപ്പോള്‍ ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ വിന്‍ഡീസിനു നഷ്ടമായി. ടീം ടോട്ടല്‍ 61 ല്‍ എത്തിയപ്പോഴാണ് രണ്ടാം വിക്കറ്റ് വീഴുന്നത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിന്‍ഡീസിന്റെ വിക്കറ്റുകള്‍ കൊഴിഞ്ഞു. 16-ാം ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 97/5 എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. റോസ്റ്റണ്‍ ചേസിന്റെ മികച്ച പ്രകടനമാണ് പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
ചേസ് 27 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. ബ്രണ്ടന്‍ കിങ് 29 പന്തില്‍ 34 റണ്‍സും നിക്കോളാസ് പൂറാന്‍ 27 പന്തില്‍ 27 റണ്‍സും നേടി. ആന്ദ്രേ റസല്‍ ഒന്‍പത് പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. പപ്പു ന്യു ഗിനിയയ്ക്കു വേണ്ടി നായകന്‍ ആസാദ് വാല നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.