അഭിറാം മനോഹർ|
Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (15:39 IST)
ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത. ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിനാണ് കിവികള്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യന്‍ മണ്ണില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിവികളുടെ ടെസ്റ്റ് വിജയം. ന്യൂസിലന്‍ഡിനെതിരെ ഇനി 2 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇനിയും 3 വിജയങ്ങള്‍ കൂടി ആവശ്യമായതിനാല്‍ ഈ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാകും.
അവസാന ദിനത്തില്‍ 107 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് രചിന്‍ രവീന്ദ്ര(39),വില്‍ യംഗ്(48) എന്നിവരിടെ പ്രകടനമികവിലാണ് വിജയത്തിലെത്തിയത്. ഇന്ത്യയില്‍ ന്യൂസിലന്‍ഡ് നേടുന്ന മൂന്നാമത്തെ മാത്രം ടെസ്റ്റ് വിജയമാണിത്. സ്‌കോര്‍: ഇന്ത്യ46,462 ന്യൂസിലന്‍ഡ് 402,108. ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
നിലവില്‍ മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് ടീമിലെ സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഇന്നിങ്ങ്‌സില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ വെറും 12 റണ്‍സാണ് നേടിയത്. ഫീല്‍ഡിങ്ങിലും രാഹുലിന്റെ പ്രകടനം മോശമായിരുന്നു. പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നതോടെ രാഹുലിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും. രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമിലെത്താനും സാധ്യതയുണ്ട്. പുനെയിലെ പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ കുല്‍ദീപ് യാദവിന് പകരം ആകാശ് ദീപും ടീമിലെത്തിയേക്കും.