തീയ്യതി 19 ആണെങ്കില്‍ രാഹുലിന് മുട്ടിടിക്കുമോ? ക്ഷമയ്ക്ക് ഒരു പരിധിയിലെ കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ രോഷപ്രകടനങ്ങളുമായി ആരാധകര്‍

KL Rahul
അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2024 (10:10 IST)
KL Rahul
ന്യൂസിലന്‍ഡിനെതിരായ ബെംഗളുരു ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്ങ്‌സിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ആദ്യ ഇന്നിങ്ങ്‌സില്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ മത്സരത്തിലെ നിര്‍ണായകമായ ഘട്ടത്തില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ബാറ്റിംഗിനിറങ്ങി നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്ങ്‌സില്‍ സര്‍ഫറാസ് ഖാന്‍- റിഷഭ് പന്ത് കൂട്ടുക്കെട്ടിലൂടെ മത്സരത്തില്‍ തിരികെയെത്തിയെങ്കിലും ഇരുവരും അടുത്തടുത്ത പന്തുകളില്‍ പുറത്തായത് ടീമിനെ പ്രതിരോധത്തിലാക്കി. പരിചയസമ്പന്നനായ താരമെന്ന നിലയില്‍ മത്സരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കേണ്ട ഘട്ടത്തിലാണ് കെ എല്‍ രാഹുലും മടങ്ങിയത്.


രണ്ടാം ഇന്നിങ്ങ്‌സില്‍ സര്‍ഫറാസ് ഖാന്‍- റിഷഭ് പന്ത് എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ മടങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ വെറും 12 റണ്‍സിനാണ് പുറത്തായത്. ടീമിന്റെ രക്ഷനാകേണ്ടിയിരുന്ന ഘട്ടത്തില്‍ കെ എല്‍ രാഹുല്‍ പുറത്തായത് നിരുത്തരവാദപരമായ പ്രകടനമായിരുന്നുവെന്നും നവംബര്‍ 19ന് ഏകദിന ലോകകപ്പ് ഫൈനലില്‍ രാഹുല്‍ നടത്തിയ പ്രകടനത്തിന് സമാനമാണ് ഇന്നലത്തെയും പ്രകടനമെന്നും ആരാധകര്‍ പറയുന്നു. കെ എല്‍ രാഹുലിനെ വെച്ചുള്ള പരീക്ഷണം മതിയാക്കാനുള്ള സമയമായെന്നും സര്‍ഫറാസ് ഖാനെ പോലെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നും കെ എല്‍ രാഹുലിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.


അതേസമയം ലൈ കമന്ററിക്കിടെ രവി ശാസ്ത്രിയും ഹര്‍ഷ ഭോഗ്ലെയും രാഹുലിന്റെ പ്രകടനത്തെ വിമര്‍ശിച്ചെത്തി. രാഹുല്‍ അവസാനമായി എപ്പോഴാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചതെന്ന് ഓര്‍ക്കുന്നുണ്ടോ എന്ന ഹര്‍ഷ ഭോഗ്‌ളെയുടെ ചോദ്യത്തിന് എല്ലാ തകര്‍ച്ചയിലും രാഹുല്‍ പങ്കാളിയായിരുന്നുവെന്നാണ് രവി ശാസ്ത്രി മറുപടി നല്‍കിയത്. ശുഭ്മാന്‍ ഗില്‍ അടുത്ത ടെസ്റ്റില്‍ തിരിച്ചെത്തുന്നതോടെ കെ എല്‍ രാഹുലിനെ പുറത്തിരുത്തണമെന്നും ആരാധകര്‍ പറയുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :