അഭിറാം മനോഹർ|
Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2024 (18:04 IST)
ഓസ്‌ട്രേലിയക്കെതിരെ വരാനിരിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. കഴിഞ്ഞ 2 തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ വിജയക്കൊടി പാറിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഹാട്രിക് കിരീടനേട്ടമാണ് ഇന്ത്യ ഇക്കുറി ലക്ഷ്യമിടുന്നത്. എന്നാല്‍ ടെസ്റ്റിലെ പരിചയസമ്പന്നരായ അജിങ്ക്യ രഹാനെ, ചെതേശ്വര്‍ പുജാര എന്നിവര്‍ ഇല്ലാതെയാകും ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇത് ഇന്ത്യയെ ബാധിക്കാന്‍ ഇടയുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഇത്തവണയും ഇന്ത്യ തന്നെയാകും ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കുക എന്നതാണ് ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനായ സ്റ്റീവ് വോ വ്യക്തമാക്കുന്നത്. ഇന്ത്യയ്ക്ക് കരുത്തുറ്റ ബൗളിംഗ് നിരയാണുള്ളത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്,മുഹമ്മദ് ഷമി എന്നിവരടങ്ങിയ പേസ് നിര. സ്പിന്നില്‍ രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍,കുല്‍ദീപ് യാദവ് എന്നിവരും. അതിനാല്‍ തന്നെ ബൗളിംഗ് യൂണിറ്റ് ശക്തമാണ്. എങ്കിലും ബുമ്ര, കോലി എന്നിവരാകും ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമാവുക.
ബുമ്രയും കോലിയും എവേ മത്സരങ്ങള്‍ കളിച്ച് പരിചയം ഏറെയുള്ളവരാണ്. ബാറ്റിംഗിന്റെ നിയന്ത്രണം കോലി ഏറ്റെടുക്കുകയാണെങ്കില്‍ ഓസ്‌ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. സ്റ്റീവ് വോ പറഞ്ഞു. നേരത്തെ ഓസീസ് സ്പിന്നറായ നഥാന്‍ ലിയോണും ഇന്ത്യന്‍ ബാറ്റിംഗ് നിര വെല്ലുവിളിയാകുമെന്ന് വ്യക്തമാക്കിയിരുന്നു. വിരാട് കോലി,രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരെ മറികടക്കുക പ്രയാസമാകുമെന്നും യശ്വസി ജയ്‌സ്വാളും ഓസീസിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നതെന്നുമായിരുന്നു ലിയോണ്‍ വ്യക്തമാക്കിയത്.