സ്‌റ്റോക്‌സിന്റെയും കൂട്ടരുടെയും സ്‌റ്റോക്കെല്ലാം തീര്‍ന്നോ ? മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ അപമാനിച്ച് വിട്ട് ടീം ഇന്ത്യ

Indian team Test
അഭിറാം മനോഹർ| Last Modified ഞായര്‍, 18 ഫെബ്രുവരി 2024 (17:11 IST)
Indian team Test
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 434 റണ്‍സിന്റെ വമ്പന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 556 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ചീട്ട് കൊട്ടാരം പോലെയാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നായകന്‍ രോഹിത് ശര്‍മയുടെയും രവീന്ദ്ര ജഡേജയുടെയും സെഞ്ചുറി കരുത്തില്‍ 445 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നന്നായി തുടങ്ങിയെങ്കിലും 319 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

രണ്ടാം ഇന്നിങ്ങ്‌സില്‍ ഡബിള്‍ സെഞ്ചുറിയുമായി തിളങ്ങിയ യശ്വസി ജയ്‌സ്വാളും അര്‍ധസെഞ്ചുറികളുമായി കളം നിറഞ്ഞ സര്‍ഫറാസ് ഖാനും ശുഭ്മാന്‍ ഗില്ലുമാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്. 556 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് തുടക്കം തന്നെ പിഴയ്ക്കുകയായിരുന്നു. 18 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ടിന് 82 റണ്‍സിനിടെ 8 വിക്കറ്റുകളും നഷ്ടമായിരുന്നു.

പത്താമനായി ബാറ്റിംഗിനിറങ്ങിയ മാര്‍ക്ക് വുഡും (33), ഒന്‍പതാമതായി ക്രീസിലെത്തിയ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയുമാണ് (16) ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ജോ റൂട്ട് ,ഒലി പോപ്പ്,ബെയര്‍സ്‌റ്റോ തുടങ്ങിയ വമ്പന്മാര്‍ക്കാര്‍ക്കും രണ്ടക്കം കാണാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ അഞ്ചും കുല്‍ദീപ് യാദവ് രണ്ടും അശ്വിന്‍,മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വിജയത്തോടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :