അഭിറാം മനോഹർ|
Last Modified വ്യാഴം, 1 ഫെബ്രുവരി 2024 (20:32 IST)
ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരെ നടത്തിയ മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇംഗ്ലണ്ട് സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയും വിന്‍ഡീസ് പേസര്‍ ഷമര്‍ ജോസഫും. ഗാബയില്‍ ഓസീസിനെതിരെ ഐതിഹാസിക വിജയം നേടാന്‍ വെസ്റ്റിന്‍ഡീസിനെ സഹായിച്ചത് 7 വിക്കറ്റുകള്‍ നേടിയ ഷമര്‍ ജോസഫിന്റെ പ്രകടനമായിരുന്നു. ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 7 വിക്കറ്റുകളായിരുന്നു ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിനായി നേടിയത്.
ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പട്ടിക പ്രകാരം ഓസ്‌ട്രേലിയക്കെതിരായ പ്രകടനത്തെ തുടര്‍ന്ന് 42 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഷമര്‍ ജോസഫ് പട്ടികയില്‍ അന്‍പതാം സ്ഥാനത്താണ്. താരത്തിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് മത്സരമായിരുന്നു ഗാബയില്‍ നടന്നത്. അതേസമയം ഹൈദരാബാദ് ടെസ്റ്റിലൂടെ അരങ്ങേറിയ ടോം ഹാര്‍ട്‌ലി 7 വിക്കറ്റ് പ്രകടനത്തോടെ റാങ്കിംഗില്‍ 63മത് സ്ഥാനത്തെത്തി. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി, ജസ്പ്രീത് ബുമ്ര നാലാമതും രവീന്ദ്ര ജഡേജ ആറാം സ്ഥാനത്തുമാണ്.