അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (15:49 IST)
ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ടസെഞ്ചുറിയുമായി തിളങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്സ്വാളിനെ പ്രശംസകൊണ്ട് മൂടി ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം അലിസ്റ്റര്‍ കുക്ക്. രാജ്കോട്ട് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്സില്‍ 12 സിക്സുകളാണ് ജയ്സ്വാള്‍ സ്വന്തമാക്കിയത്. യശ്വസിയുടെ സിക്സടിക്കാനുള്ള കഴിവ് അപാരമാണെന്ന് കുക്ക് പറയുന്നു.
ഞാന്‍ എന്റെ ടെസ്റ്റ് കരിയറില്‍ നേടിയതിനേക്കാളും സിക്സുകള്‍ രാജ്കോട്ടില്‍ ഒരൊറ്റ ഇന്നിങ്ങില്‍ തന്നെ ജയ്സ്വാള്‍ നേടിയെന്ന് കുക്ക് പറയുന്നു. ഇന്നലെ രാജ്കോട്ട് ടെസ്റ്റിലെ രണ്ടാം ഇന്നിങ്ങ്സില്‍ 12 സിക്സുകള്‍ നേടിയതോടെ ഒരു ടെസ്റ്റ് ഇന്നിങ്ങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന നേട്ടം ജയ്സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന നേട്ടവും ജയ്സ്വാള്‍ സ്വന്തമാക്കിയിരുന്നു.
2006 മുതല്‍ 2018 വരെ ഇംഗ്ലണ്ടിനായി കളിച്ച അലിസ്റ്റര്‍ കുക്ക് തന്റെ ടെസ്റ്റ് കരിയറില്‍ 33 സെഞ്ചുറികള്‍ ഉള്‍പ്പടെ 12,472 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 1442 ബൗണ്ടറികളുള്ളപ്പോള്‍ 111 സിക്സുകള്‍ മാത്രമാണ് താരം നേടിയിട്ടുള്ളത്.