അഭിറാം മനോഹർ|
Last Modified ബുധന്‍, 15 ജനുവരി 2025 (08:49 IST)
അടുത്തമാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് ഗൗതം ഗംഭീറിന്റെ പ്രകടനം
ബിസിസിഐ വിലയിരുത്തുമെന്ന് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ട്രോഫിയിലും മികവ് കാട്ടാനായില്ലെങ്കില്‍ ഗംഭീറിനെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് ബിസിസിഐ നീങ്ങുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ പരിശീലകസ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതോടെയാണ് ഗംഭീര്‍ പരിശീലക സ്ഥാനത്തെത്തിയത്. 2027ലെ ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറുമായി ബിസിസിഐയ്ക്ക് കരാറുള്ളത്. എന്നാല്‍ ഗംഭീറിന് കീഴില്‍ ഇതുവരെയും കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
ശ്രീലങ്കക്കെതിരെ ടി20 പരമ്പര തൂത്തുവാരി തുടങ്ങിയെങ്കിലും ഏകദിന പരമ്പരയില്‍ 27 വര്‍ഷത്തിന് ശേഷം ഇന്ത്യ ശ്രീലങ്കക്കെതിരെ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയത് ഗംഭീര്‍ പരിശീലകനായതിന് ശേഷമായിരുന്നു. പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലും നാട്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി. ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ സമ്പൂര്‍ണ്ണ ടെസ്റ്റ് പരമ്പര തോല്‍വിയായിരുന്നു ഇത്. ഇതിന് പിന്നാലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയും നഷ്ടമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള യോഗ്യത നേടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയിലും നിരാശപ്പെടുത്തുന്ന പ്രകടനമാണെങ്കില്‍ ബിസിസിഐ കടുത്ത നടപടിയ്ക്ക് മടിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.