'ഇന്ത്യയുടെ കാര്യം അന്വേഷിക്കാന്‍ പോണ്ടിങ് ആരാണ്'; വിമര്‍ശനത്തിനു മറുപടിയുമായി ഗംഭീര്‍

കോലിയും രോഹിത്തും സമീപകാലത്ത് ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നും മറ്റേതെങ്കിലും താരങ്ങള്‍ ആയിരുന്നു ഈ സ്ഥാനത്തെങ്കില്‍ ടീമില്‍ അവസരം ഉണ്ടാകില്ലെന്നുമാണ് പോണ്ടിങ് പറഞ്ഞത്

Ricky Ponting and Gautam Gambhir
രേണുക വേണു| Last Modified തിങ്കള്‍, 11 നവം‌ബര്‍ 2024 (11:39 IST)
Ricky Ponting and Gautam Gambhir

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുടെ നിലവിലെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനു മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോണ്ടിങ്ങിനു എന്താണ് ചെയ്യാനുള്ളതെന്ന് ഗംഭീര്‍ ചോദിച്ചു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കുള്ള ടീം ഓസ്‌ട്രേലിയയിലേക്ക് പോകും മുന്‍പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

' ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പോണ്ടിങ്ങിനു എന്താണ് ചെയ്യാനുള്ളത്? രോഹിത്തും കോലിയും ഇപ്പോഴും കഠിന പ്രയത്‌നം നടത്തുന്നവരാണ്. ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇരുവരും ഇപ്പോഴും ആവേശഭരിതരാണ്. ഇനിയും ടീമിനായി ഒരുപാട് നേടാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിനായി കഠിന പ്രയത്‌നം നടത്തുന്നു. ഡ്രസിങ് റൂമില്‍ ഇരുവരും കാണിക്കുന്ന ആ ആവേശമാണ് എനിക്കും മറ്റുള്ളവര്‍ക്കും ഏറ്റവും പ്രധാനപ്പെട്ടത്. അവസാന പരമ്പരയിലെ തോല്‍വിക്കു ശേഷം അവരിലെ ആവേശം വര്‍ധിച്ചിട്ടുണ്ട്,' ഗംഭീര്‍ പറഞ്ഞു.

കോലിയും രോഹിത്തും സമീപകാലത്ത് ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്തുന്നില്ലെന്നും മറ്റേതെങ്കിലും താരങ്ങള്‍ ആയിരുന്നു ഈ സ്ഥാനത്തെങ്കില്‍ ടീമില്‍ അവസരം ഉണ്ടാകില്ലെന്നുമാണ് പോണ്ടിങ് പറഞ്ഞത്. അഞ്ച് വര്‍ഷത്തിനിടെ കോലിക്ക് രണ്ട് ടെസ്റ്റ് സെഞ്ചുറികളാണ് ഉള്ളത്. മറ്റ് ഏതെങ്കിലും താരമായിരുന്നു ഈ അവസ്ഥയിലെങ്കില്‍ ടീമില്‍ അതിജീവിക്കാന്‍ വളരെ പ്രയാസമായിരിക്കുമെന്നും പോണ്ടിങ് പറഞ്ഞിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :