India vs Newzealand:36 കഴിഞ്ഞല്ലോ എന്ന് ആശ്വാസം, ബെംഗളുരുവിലേത് ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോർ

Ind vs Nz
അഭിറാം മനോഹർ| Last Updated: വ്യാഴം, 17 ഒക്‌ടോബര്‍ 2024 (14:30 IST)
Ind vs Nz
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. പേസ് ബൗളര്‍മാര്‍ക്ക് അനുകൂല സാഹചര്യമൊരുങ്ങിയ വിക്കറ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോഴെ ഇന്ത്യയ്ക്ക് പിഴച്ചുവെങ്കിലും ശക്തമായ ബാറ്റിംഗ് നിര ചീട്ട്‌കൊട്ടാരം പോലെ തകര്‍ന്നടിയുമെന്ന് ആരാധകര്‍ പോലും കരുതിയിരുന്നതല്ല. എങ്കിലും ന്യൂസിലന്‍ഡ് പേസര്‍മാര്‍ സംഹാരതാണ്ഡവമാടിയതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് വെറും 46 റണ്‍സില്‍ അവസാനിച്ചു. 20 റണ്‍സുമായി റിഷഭ് പന്തും 13 റണ്‍സുമായി യശ്വസി ജയ്‌സ്വാളുമാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍.


ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി അഞ്ചും വില്യം ഒറൂക്ക് നാലും വിക്കറ്റുകള്‍ വീഴ്ത്തി. ഒരു വിക്കറ്റ് ടിം സൗത്തിയും സ്വന്തമാക്കി. 50 റണ്‍സ് പോലും എടുക്കാതെ ഇന്ത്യ തകര്‍ന്നടിഞ്ഞെങ്കിലും ടീം സ്‌കോര്‍ 36 കടന്നതില്‍ ഇന്ത്യന്‍ ആരാധകരുടെ ആശ്വാസം ചില്ലറയല്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ
കുറഞ്ഞ സ്‌കോറാണ് ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്നുണ്ടായത്. നേരത്തെ 2020ല്‍ ഓസീസിനെതിരെ ഇന്ത്യന്‍ ടീം 36 റണ്‍സിന് പുറത്തായിരുന്നു. 1974ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 42 റണ്‍സിനും ഇന്ത്യ പുറത്തായിട്ടുണ്ട്.


അതേസമയം ഇന്ത്യയില്‍ വെച്ച് ഇന്ത്യന്‍ ടീം സ്വന്തമാക്കുന്ന ഏറ്റവും കുറഞ്ഞ ടോട്ടലാണ് ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഉണ്ടായത്. 1987ല്‍ വെസ്റ്റിന്‍ഡീസിനെതിരെ ഡല്‍ഹിയില്‍ ഇന്ത്യ 75 റണ്‍സിന് ഓളൗട്ടായിരുന്നു. സമീപകാലത്തൊന്നും ഇന്ത്യന്‍ മണ്ണില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ വലിയ അപമാനമാണ് ന്യൂസിലന്‍ഡ് ഇന്ത്യയ്ക്ക് ഏല്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് അവസാനിക്കുമ്പോള്‍ മത്സരത്തില്‍ ശക്തമായ മേല്‍ക്കൈയാണ് കിവികള്‍ക്കുള്ളത്. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് മത്സരത്തിലുണ്ടാവുന്ന പരാജയം ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സാധ്യതകളെയും ബാധിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഭയക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :