അഭിറാം മനോഹർ|
Last Modified ശനി, 12 മാര്‍ച്ച് 2022 (17:20 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഫാഫ് ഡുപ്ലെസിസ് നയിക്കും. ആദ്യമായിട്ടാണ് വെറ്ററൻ താരം ഐപിഎൽ ടീമിനെ നയിക്കുന്നത്.
2012 മുതൽ 2015 വരെയും 2018 മുതൽ 2021 വരെയും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാനതാരങ്ങളിൽ ഒരാളായിരുന്നു ഫാഫ് ഡുപ്ലെസിസ്. 2016-17 സീസണിൽ റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിനൊപ്പവും കളിച്ചു. നേരത്തെ ദിനേശ് കാര്‍ത്തിക്, ഗ്ലെന്‍ മാക്സ്വെല്, മനീഷ് പാണ്ഡെ എന്നിവരുടെ പേരും ആർസിബി നായകസ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നു.
വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് ആർസിബിക്ക് പുതിയ നായകനെ തേടേണ്ടി വന്നത്. 10 സീസണുകളിൽ ആർസിബി നായകനായിരുന്നു കോലി. 2016ൽ ഫൈനലിൽ എത്തിയതാണ് കോലിയുടെ മികച്ച നേട്ടം. ഇത്തവണ മെഗാതാരലേലത്തിന് മുൻപ് 15 കോടി രൂപയ്ക്കാണ് കോലിയെ ആർസിബി നിലനിർത്തിയത്. ഈ മാസം 26നാണ് ഐപിഎൽ മത്സരങ്ങൾക്ക് തുടക്കമാവുക.